അഴിമതി: കര്‍ണാടക ലോകായുക്ത രാജിവച്ചു

ബംഗളൂരു: അഴിമതിക്കേസില്‍പ്പെട്ട കര്‍ണാടക ലോകായുക്ത വൈ ഭാസ്‌കര്‍ റാവു രാജിവച്ചു. അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക നിയമസഭ സ്വീകരിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച റാവു ഗവര്‍ണര്‍ക്ക് രാജിനല്‍കിയത്. ഗവര്‍ണര്‍ വജ്ഞുദായ് ആര്‍ വാല രാജി സ്വീകരിച്ചു. അഴിമതിക്കേസില്‍ ഭാസ്‌കര്‍ റാവുവിന്റെ മകന്‍ റാവുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ അവസാനം മുതല്‍ റാവു ദീര്‍ഘകാല അവധിയിലായിരുന്നു. റാവുവിനെ ലോകായുക്ത പദവിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ജെഡിഎസും കര്‍ണാടക നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ്സും ഇതിന് പിന്തുണ നല്‍കി.
പ്രമേയം സ്പീക്കര്‍ കഗോഡു തിമ്മുപ്പ തുടര്‍നടപടിക്കായി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണിക്കാനിരിക്കെയാണ് ലോകായുക്ത രാജിവച്ചത്. ഒരു കേസില്‍ റെയ്ഡ് ഒഴിവാക്കുന്നതിനുവേണ്ടി ലോകായുക്തയുടെ ഓഫിസ് ഒരു കോടി കോഴ ചോദിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഒരാള്‍ നല്‍കിയ പരാതി പോലിസ് സൂപ്രണ്ട് സോണിയ നരാങ് ലോകായുക്ത രജിസ്ട്രാര്‍ക്കു സമര്‍പ്പിച്ചതോടെയാണ് സംഭവം പുറത്തായത്.
കേസില്‍ അശ്വന്‍ റാവുമടക്കം 11 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഉപലോകായുക്ത സുഭാഷ് ആദിക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍, ബിജെപി, ജെഡിഎസ് അംഗങ്ങള്‍ ഇതിനെ പിന്തുണച്ചില്ല.
Next Story

RELATED STORIES

Share it