അഴിമതി: ഉദ്യോഗസ്ഥനും കുടുംബത്തിനും തടവുശിക്ഷ

ന്യൂഡല്‍ഹി: അഴിമതിക്കാരനായ ഉദ്യോഗസ്ഥന്റെ കുടുംബം അഴിമതിയുടെ ഗുണഭോക്താക്കളായതിനാല്‍ അവര്‍ക്കും ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് സിബിഐ കോടതി. അഴിമതിക്കേസില്‍ ആരോപണവിധേയനായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനും കുടുംബത്തിനും അഞ്ചുവര്‍ഷം കഠിന തടവ് ശിക്ഷവിധിച്ചുകൊണ്ട് ജബല്‍പൂര്‍ സിബിഐ കോടതിയാണ് അസാധാരണമായ വിധി പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മരുമകള്‍ എന്നിവരെയാണ് ജഡ്ജി യോഗേഷ് ചന്ദ്രഗുപ്ത ശിക്ഷിച്ചത്. നാലുപേരും 2.5 ലക്ഷം രൂപവീതം പിഴയടയ്ക്കാനും വിധിച്ചു.
പ്രതിരോധ വകുപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ജബല്‍പൂര്‍ സ്വദേശി സൂര്യകാന്ത് ഗൗര്‍ 94 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഗൗര്‍ പണം ഭാര്യ വിനീത ഗൗര്‍, മകന്‍ ശിശിര്‍ ഗൗര്‍, മരുമകള്‍ സുനിത ഗൗര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയതതായി കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു. 2010 ജൂലൈയില്‍ ഗൗറിന്റെ വീടു റെയ്ഡ് ചെയ്ത സിബിഐ 94 ലക്ഷം തിരിമറി നടത്തിയതിന്റെ രേഖകളും കണ്ടെടുത്തു.
രക്ഷിതാക്കള്‍ എല്ലാവരും ജയിലില്‍പ്പോയതിനാല്‍ ശിശിര്‍ കൗറിന്റെ അഞ്ചുവയസ്സായ മകനെക്കൂടി ജയിലില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കോടതി അനുവദിച്ചു. ഇതിനായി അവര്‍ അപേക്ഷ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it