അഴിമതിയന്വേഷണം വഴിതെറ്റിക്കാന്‍ നീക്കം; ബ്രസീല്‍ പ്രസിഡന്റിന്റെ വിശ്വസ്തന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നു

ബ്രസീലിയ: ബ്രസീലിലെ താല്‍ക്കാലിക പ്രസിഡന്റ് മിഷേല്‍ തെമറിന്റെ വിശ്വസ്തനും ആസൂത്രണകാര്യമന്ത്രിയുമായ റോമിറോ ജുക രാജിവയ്ക്കുന്നു.
രാഷ്ട്രീയരംഗത്തെ വമ്പന്‍ സ്രാവുകള്‍ക്ക് ബന്ധമുള്ള പെട്രോബാസ് അഴിമതിക്കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന രീതിയിലുള്ള ജുകയുടെ സംഭാഷണം ഒരു ദിനപത്രം പുറത്തുവിട്ട സാഹചര്യത്തിലാണ് രാജി.
അയോഗ്യയാക്കിയ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിലൂടെ പെട്രോബാസിനെതിരേയുള്ള അഴിമതിയന്വേഷണം വഴിതിരിക്കാന്‍ സാധിക്കുമെന്നാണ് ശബ്ദരേഖയില്‍ ജുക പറയുന്നത്. ഫോല്‍ഹ ഡി സാവോപോളോ എന്ന ദിനപത്രമാണ് സംഭാഷണം ചോര്‍ത്തിയത്. മുന്‍ സെനറ്റര്‍ സെര്‍ഗിയോ മച്ചാഡോയുമായാണ് ജുകയുടെ സംഭാഷണം. ബ്രസീലിലെ ഏറ്റവും വലിയ എണ്ണ-വാതക കയറ്റുമതിക്കമ്പനിയായ ട്രാന്‍സ്‌പെട്രോയുടെ തലവനായി അടുത്തിടെ മച്ചാഡോ ചുമതലയേറ്റിരുന്നു. പെട്രോബാസ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണദ്ദേഹം. മച്ചാഡോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം, തനിക്കെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ രാഷ്ട്രീയ അട്ടിമറിയാണെന്നതിന്റെ തെളിവാണിതെന്ന് ദില്‍മ റൂസഫ് പറഞ്ഞു. പെട്രോബാസ് അഴിമതിക്കേസില്‍ കുടുങ്ങിയ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെ രക്ഷപ്പെടുത്താനാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്നും അവര്‍ ആരോപിച്ചു. അടുത്തയാഴ്ച സെനറ്റില്‍ ദില്‍മയുടെ ഇംപീച്ച്‌മെന്റ് നടപടികളാരംഭിക്കും.
Next Story

RELATED STORIES

Share it