അഴിമതിക്ക് ലോകായുക്ത ഓശാന പാടുന്നു: വിഎസ്

തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനം കുറ്റമറ്റതും അഴിമതിരഹിതവുമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനുവേണ്ടി രൂപീകരിച്ച ലോകായുക്ത, സര്‍ക്കാര്‍ സംവിധാനം നടത്തുന്ന അഴിമതികള്‍ക്ക് ഓശാന പാടുന്ന സംവിധാനമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
സര്‍ക്കാര്‍ സംവിധാനം അഴിമതിരഹിതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനമാണ് കേരള ലോകായുക്ത. എന്നാല്‍, സംസ്ഥാനത്തെ ലോകായുക്ത ഇത്തരത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നു പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു.
ഭരണതലത്തിലുള്ളവര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ ലോകായുക്ത കാണിക്കുന്ന അമാന്തവും കാലതാമസവും വളരെ പ്രകടമാണ്. മന്ത്രിമാര്‍ പ്രതികളായ കേസില്‍ അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ട് എട്ടു മാസത്തിലധികമായിട്ടും പ്രതികള്‍ക്ക് നോട്ടീസ് അയക്കാന്‍ പോലും ലോകായുക്ത വിസമ്മതിക്കുകയാണ്. ഇത്തരം കേസുകള്‍ നീട്ടിക്കൊണ്ടുപോവുന്നതിനും ലോകായുക്ത ശ്രമിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാരിന് അനഭിമതരായവര്‍ക്കെതിരേ ഫയല്‍ ചെയ്യുന്ന കേസുകളില്‍ കാട്ടുന്ന അമിത വ്യഗ്രതയും ഈ ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യുന്ന രീതിയിലാണ്.
ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട ലോകായുക്ത പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജുഡീഷ്യറിയോടുള്ള വിശ്വാസം ജനങ്ങളില്‍ ഇല്ലാതാക്കുന്നതിനു മാത്രമേ ഉതകൂ എന്ന് വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it