Editorial

അഴിമതിക്കെതിരേ പുതിയൊരു സംഘം കൂടി

ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ എക്‌സല്‍ കേരള എന്ന പേരില്‍ അഴിമതിക്കെതിരേ പോരാടാന്‍ ഒരു സംഘടന നിലവില്‍ വന്നിരിക്കുന്നു. ചലച്ചിത്ര സംവിധായകരും സാഹിത്യകാരന്മാരും അഭിഭാഷകരും സാമൂഹികപ്രവര്‍ത്തകരുമൊക്കെയാണു സംഘടനയിലുള്ളത്. സമ്പൂര്‍ണ സാമൂഹികവളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്നും അഴിമതിയാണ് വളര്‍ച്ചയ്ക്ക് തടസ്സമെന്നുമാണ് സംഘടന പറയുന്നത്. അഴിമതിക്കെതിരായി ഉറച്ച നിലപാടെടുക്കുകയും തന്മൂലം പല പരിക്കുകളുമേല്‍ക്കേണ്ടിവരുകയും ചെയ്ത ജേക്കബ് തോമസിന്റെ പ്രതിച്ഛായ സംഘടനയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു തീര്‍ച്ച. അഴിമതി ആമൂലാഗ്രം പിടിമുറുക്കിയുള്ള സമകാലിക സാമൂഹികമണ്ഡലങ്ങളില്‍ ഇത്തരം സംഘടനകളുടെ ആവശ്യകത ചോദ്യംചെയ്യപ്പെട്ടുകൂടാതാനും.
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു- അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഈ സംഘടനയ്ക്ക് എത്രത്തോളം മുമ്പോട്ടുപോവാന്‍ സാധിക്കും? അഴിമതിക്കെതിരായുള്ള സംഘടനാതല പോരാട്ടങ്ങള്‍ കേരളത്തില്‍ പുതുതല്ല. സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരുമൊക്കെയാണ് ഇത്തരം സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങാറുള്ളതും. സുകുമാര്‍ അഴീക്കോടും ഡി സി കിഴക്കേമുറിയുമൊക്കെ ചേര്‍ന്ന് നവഭാരതവേദി എന്നൊരു സംഘടനയ്ക്ക് രൂപംനല്‍കിയിരുന്നു പണ്ട്. പത്രപംക്തികളിലൂടെ ഓളങ്ങള്‍ ഇളക്കാന്‍ സാധിച്ചു എന്നല്ലാതെ വേദിക്ക് പുതിയൊരു ഭാരതത്തിന്റെ സൃഷ്ടിയില്‍ യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ചെറിയാന്‍ ഫിലിപ്പിന്റെ കേരള ദേശീയവേദി സ്വപ്‌നംകണ്ടതും അഴിമതിവിരുദ്ധ കേരളമാണ്. അതും അകാലത്തില്‍ ചരമമടഞ്ഞു. ഇപ്പോള്‍ പി സി ജോര്‍ജും മറ്റും ഉള്‍പ്പെട്ടിട്ടുള്ള ഒരു അഴിമതിവിരുദ്ധ സംഘടന നിലവിലുണ്ട്. സമാന സംരംഭങ്ങള്‍ വേറെയും കാണും. തല്‍ക്കാലത്തെ ആവേശത്തിനു സംഘടനകളുണ്ടാക്കുകയും കൊട്ടും ഘോഷവുമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു എന്നല്ലാതെ ദിശാബോധമില്ലാത്ത നീക്കങ്ങള്‍ ഇത്തരം സംരംഭങ്ങളെ എവിടെയും എത്തിച്ചിട്ടില്ല എന്നതാണു ചരിത്രം. ആകപ്പാടെ എന്തെങ്കിലുമൊരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ജനകീയ സാംസ്‌കാരിക വേദിയുടെ കുറ്റവിചാരണകള്‍ക്കും സമാനമായ മറ്റു ചില ചെറുത്തുനില്‍പുകള്‍ക്കുമാണ്. അതേസമയം, എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും മുന്‍കൈയോടെ നടന്ന ഉദ്യമങ്ങള്‍ ആരംഭശൂരത്വത്തിലൊതുങ്ങിപ്പോവുകയാണുണ്ടായത്.
കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കഥതന്നെ എടുക്കുക. അഴിമതിയായിരുന്നു ആം ആദ്മിയുടെയും മുഖ്യ വിഷയം. ഇപ്പോള്‍ പാര്‍ട്ടി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലായി. നേതാക്കള്‍ തൊപ്പി ഉപേക്ഷിച്ച് ഓരോ വഴിക്കുപോയി. ഇമ്മട്ടില്‍ ഓരോ കാലഘട്ടത്തിലും അഴിമതി തടയാനും മതേതരത്വം സംരക്ഷിക്കാനും പരിസ്ഥിതി നശീകരണം തടയാനും മറ്റും പലരും പലതരം പ്രസ്ഥാനങ്ങള്‍ ആരംഭിക്കാറുണ്ട്. പക്ഷേ, മിക്കവയും താല്‍ക്കാലികമായ ആവേശത്തിന്റെ പേരില്‍ ജന്മംകൊള്ളുന്നവയാണ്.
Next Story

RELATED STORIES

Share it