അഴിമതിക്കാര്‍ എത്തേണ്ടിടത്ത് എത്തും: വിഎസ്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്തിയ മന്ത്രിമാര്‍ അവരെത്തേണ്ട സ്ഥലത്തുതന്നെ എത്തുമെന്ന് വി എസ് അച്യുതാനന്ദന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു വിഎസ്.
ബാര്‍ കുംഭകോണത്തിലും മറ്റ് അഴിമതികളിലും ഭരണകാലത്ത് യുഡിഎഫ് മന്ത്രിമാര്‍ മല്‍സരിക്കുകയായിരുന്നു. ഈജിയന്‍ തൊഴുത്തായി മാറിയ കേരളഭരണത്തെ വൃത്തിയാക്കാന്‍ എല്‍ഡിഎഫിന് ഏറെ സമയം വേണ്ടിവരും. വികസന വാചകമടി മാത്രമായിരുന്നു യുഡിഎഫ് നടത്തിയത്. ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കേണ്ടിവരും. ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പു വികസനമായിരിക്കില്ല ഇനി നടക്കാന്‍ പോവുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ടു തെറ്റായ കാര്യങ്ങള്‍ പറയിപ്പിക്കുന്നതു ശരിയായ നടപടിയല്ലെന്ന് കെ എം മാണി പറഞ്ഞു. നാലുമാസത്തിനുള്ളില്‍ രണ്ടുതരത്തിലുള്ള പ്രസംഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയത്. കേരള ജനതയുടെ സുവര്‍ണ കാലഘട്ടമായിരുന്ന യുഡിഎഫ് ഭരണത്തെക്കുറിച്ച് തെറ്റായാണ് ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ രണ്ടു പ്രസംഗങ്ങളും ഒരുമിച്ചായിരുന്നു ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. മുന്‍ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്ന് ഇപ്പോഴുള്ള പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് സത്യം വഴുതിവീഴുമെന്നും കെ എം മാണി പറഞ്ഞു.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എസ് ശര്‍മ ചൂണ്ടിക്കാട്ടി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 28,000 കോടിരൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പകുതിപോലും നടപ്പായില്ല. വിവിധ പദ്ധതികളില്‍ വകയിരുത്തിയ 10,000 കോടി രൂപയാണു പാഴായത്. 26,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ പണമില്ലാത്തതിനാല്‍ നടപ്പാക്കാനായില്ല. സംസ്ഥാനം വായ്പയെടുക്കുന്നതിന്റെ 70- 80 ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും നിത്യച്ചെലവുകള്‍ക്കുമായി വിനിയോഗിക്കേണ്ടി വരുന്നു. അധികാരത്തിലേറിയതോടെ എല്‍ഡിഎഫിന്റെ രാഷ്ട്രീയ അസഹിഷ്ണുത വര്‍ധിച്ചതായി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ടി പി സെന്‍കുമാറിനോട് ഇങ്ങനെ അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോ? ധിക്കാരത്തിനു ചിറകുവച്ച നയമാണ് എല്‍ഡിഎഫിന്റെത്. അഹന്തയുടെ മഹാരാജാക്കന്‍മാരായി അധികകാലം ഇവിടെയാരും വാണിട്ടില്ല. നയപ്രഖ്യാപന പ്രസംഗം മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അഞ്ജു ബോബി ജോര്‍ജ് കായികരംഗത്തോടും സര്‍ക്കാരിനോടും എന്തുകുറ്റമാണു ചെയ്തത്. കായികഭവന്‍ ഇല്ലാത്തതല്ല കേരളത്തിന്റെ പ്രശ്‌നം, കായിക താരങ്ങള്‍ക്ക് പ്രോല്‍സാഹനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it