അഴിമതിക്കാരായ സ്ഥാനാര്‍ഥികള്‍: പ്രചാരണവുമായി ആംആദ്മി പാര്‍ട്ടി

കൊച്ചി: കേരളത്തിലെ അഴിമതിക്കാരായ നിയമസഭാ സ്ഥാനാര്‍ഥികള്‍ക്ക് എതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. അഴിമതി നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി(പുതുപ്പള്ളി), മന്ത്രിമാരായ കെ എം മാണി (പാലാ), കെ ബാബു(തൃപ്പൂണിത്തുറ),അനൂപ് ജേക്കബ് (പിറവം) പൊതു ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ അടൂര്‍ പ്രകാശ് (കോന്നി), വി കെ ഇബ്രാഹിംകുഞ്ഞ് (കളമശ്ശേരി), ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട)എന്നിവര്‍ക്കെതിരെ അവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ എത്തി പ്രചാരണം നടത്താനാണ് പദ്ധതി. ഇടതു മുന്നണിയിലെ പിണറായി വിജയനും(ധര്‍മ്മടം), ഇ പി ജയരാജനു(മട്ടന്നൂര്‍)മെതിരെയും, വര്‍ഗീയ ധ്രുവീകരണത്തിലൂടെ സീറ്റ് പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെയും പ്രചാരണം നടത്തും. ബിജെപി സ്ഥാനാര്‍ഥികളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ ബിജെപിക്ക് വിജയ സാധ്യതയുള്ളതുകൊണ്ടല്ല, അവിടെ രണ്ടാം സ്ഥാനത്ത് പോലും എത്താതിരിക്കാനാണ് ബിജെപിക്കെതിരെ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it