thiruvananthapuram local

അഴിക്കോട് സിപിഎം- ഡിവൈഎഫ്‌ഐ ആക്രമണം; കടകള്‍ അടിച്ചുതകര്‍ത്തു; എസ്ഡിപിഐ പ്രവര്‍ത്തകന് ഗുരുതരപരിക്ക്

നെടുമങ്ങാട്: അഴിക്കോട് വീണ്ടും സിപിഎം- ഡിവൈഎഫ്‌ഐ ആക്രമണം. എസ്ഡിപിഐ പ്രവര്‍ത്തകരുടെ കടകള്‍ അടിച്ചുതകര്‍ക്കുകയും കടയിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു ആക്രമണം. അഴിക്കോട് വായനശാലയ്ക്ക് മുമ്പിലിരുന്ന ചില യുവാക്കളെ ബൈക്കിലെത്തിയ ചിലര്‍ മര്‍ദ്ദിച്ചത്രെ. ഇതേത്തുടര്‍ന്നാണ് അരുവിക്കര പഞ്ചായത്ത് അംഗം ഇല്ല്യാസിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അഴിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകരുമായ റഫീഖിന്റെ ജന്റ്‌സ് ബ്യൂട്ടിപാര്‍ലര്‍, അലിയുടെ ഉടമസ്ഥതയിലുള്ള നിറ ബേക്കറി എന്നിവയാണ് അടിച്ചുതകര്‍ത്തത്.
കടയിലുണ്ടായിരുന്ന അലിക്കും റഫീഖിനും മറ്റു ചിലര്‍ക്കും മര്‍ദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേനാളുകളായി അഴിക്കോട് കേന്ദ്രീകരിച്ച് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുന്നത് പതിവായിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കുണ്ടായ ജനസ്വാധീനമാണ് നിരന്തരമുള്ള അക്രമത്തിന് സിപിഎമ്മുകാരെ പ്രേരിപ്പിക്കുന്നത്. കടകള്‍ക്കു നേരെയുള്ള ആക്രമണത്തിനിടെ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അരുവിക്കര, നെടുമങ്ങാട് പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it