അല്‍ ശബാബ് ആക്രമണത്തില്‍ 60 എത്യോപ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: മധ്യ സോമാലിയയിലെ ആഫ്രിക്കന്‍ യൂനിയന്‍(എയു) സേനയുടെ ആസ്ഥാനത്തു നടത്തിയ ആക്രമണത്തില്‍ 60 എത്യോപ്യന്‍ സൈനികരെ വധിച്ചതായി അല്‍ ശബാബ് സായുധസംഘം.
അതേസമയം, ആക്രമണത്തെ പ്രതിരോധിക്കുകയും 110 അല്‍ ശബാബ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്തതായി എയു ദൗത്യസേന അറിയിച്ചു. എന്നാല്‍, എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന കാര്യം ആഫ്രിക്കന്‍ യൂനിയന്‍ വെളിപ്പെടുത്തിയിട്ടില്ല.
ഏറെ നേരം വെടിയൊച്ച കേട്ടതായി സമീപവാസികളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ അല്‍ ശബാബ് പ്രവര്‍ത്തകരെ തുരത്താന്‍ സര്‍ക്കാരിനെ സഹായിക്കാനാണ് എയു സേന രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. 22,000ത്തോളം വരുന്ന ദൗത്യസേനയില്‍ അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള സൈനികരാണുള്ളത്. ഇതില്‍ നല്ലൊരു ഭാഗവും എത്യോപ്യന്‍ സൈനികരാണ്.
കെനിയന്‍ സൈനിക ആസ്ഥാനത്തിനു നേരെ നേരത്തേ നിരവധി തവണ ആക്രമണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് എത്യോപ്യന്‍ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടാവുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ കെനിയന്‍ സൈനിക ആസ്ഥാനത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 100ഓളം സൈനികരെ കൊലപ്പെടുത്തിയതായി അല്‍ ശബാബ് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it