അല്‍ ഖെഖിനെ മോചിപ്പിക്കാനാവില്ലെന്ന് സൈനിക കോടതി

ജറുസലേം: 54 ദിവസമായി നിരാഹാരം തുടരുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ ഖെഖിന്റെ തടവ് അവസാനിപ്പിക്കാനാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഇസ്രായേല്‍ സൈനിക കോടതി തള്ളി. കഴിഞ്ഞ നവംബര്‍ 24ന് ജയിലില്‍ നിരാഹാരം തുടങ്ങിയ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം മോശമായിട്ടുണ്ട്. ജയിലില്‍നിന്ന് പുറത്തുവിടും വരെ സമരം തുടരുമെന്ന് 33കാരനായ അല്‍ഖെഖ് വ്യക്തമാക്കി.
രഹസ്യ തെളിവുകളുണ്ടെന്ന് പറഞ്ഞു കുറ്റപത്രമോ വിചാരണയോ ഇല്ലാതെയാണ് ഖെഖിനെ ജയിലിലടച്ചത്. ഇത്തരത്തില്‍ 660ലധികം ഫലസ്തീന്‍കാരെ ഇസ്രായേല്‍ തടവിലിട്ടിട്ടുണ്ട്. അടുത്തിടെ ജയിലില്‍നിന്ന് വടക്കന്‍ ഇസ്രായേലിലെ അഫൂലയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയ ഖെഖ് വൈറ്റമിന്‍ ഗുളികകള്‍ നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
തന്നെ രക്തപരിശോധനയടക്കമുള്ള നടപടികള്‍ക്ക് വിധേയനാക്കണമെന്ന ഖെഖിന്റെ ആവശ്യം ഇസ്രായേല്‍ അധികൃതര്‍ നിരാകരിച്ചതായി സാമൂഹികപ്രവര്‍ത്തകനായ ലൈത് അബു സയ്യിദ് അറിയിച്ചു.
ജയിലധികൃതര്‍ ഖെഖിനെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ചതായി ഫലസ്തീനിയന്‍ അതോറിറ്റിയുടെ തടവുകാരുടെ വിഷയങ്ങള്‍ പരിഗണിക്കുന്ന സമിതി തലവന്‍ ഇസ്സ ഖാര്‍ഖ് അറിയിച്ചു. നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെ പീഡനമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായല്ല ഇസ്രായേല്‍ ഖെഖിനെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനു മുമ്പും നിരവധി തവണ ഇദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. നിരാഹാരത്തെത്തുടര്‍ന്ന് ഖെഖിന്റെ ഭാരം 22 കിലോ കുറഞ്ഞെന്നും ഖാര്‍ഖ് പറഞ്ഞു.
Next Story

RELATED STORIES

Share it