അല്‍ അഖ്‌സയടക്കമുള്ള പുണ്യ കേന്ദ്രങ്ങള്‍ ഫലസ്തീന്റെ അവിഭാജ്യഘടകം: യുനെസ്‌കോ

പാരിസ്: അല്‍ അഖ്‌സ പള്ളിയടക്കം ഹെബ്രോണിലും ബത്‌ലഹേമിലുമുള്ള എല്ലാ പുണ്യ കേന്ദ്രങ്ങളും ഫലസ്തീന്റെ അവിഭാജ്യഘടകങ്ങളാണെന്ന് യുനെസ്‌കോ. മുസ്‌ലിം ഖബര്‍സ്ഥാനുകളില്‍ വ്യാജ കുഴിമാടങ്ങള്‍ സ്ഥാപിച്ച് കൈയേറ്റം നടത്താനുള്ള ഇസ്രായേല്‍ ശ്രമത്തെ യുനസ്‌കോയുടെ പ്രമേയത്തില്‍ വിമര്‍ശിക്കുന്നു.
അല്‍ അഖ്‌സയ്ക്ക് ജൂതമതവുമായോ സംസ്‌കാരവുമായോ ബന്ധപ്പെട്ട ചരിത്രമൊന്നുമില്ല. ഹെബ്രോണ്‍ നഗരത്തിലെ ഇബ്രാഹീമി പള്ളിയും ബത്‌ലഹേമിലെ ബിലാല്‍ ബിന്‍ റബാഹ് പള്ളിയും ഫലസ്തീന്റെ ഭാഗമാണ്. ഹെബ്രോണ്‍ നഗരത്തില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രമേയത്തില്‍ പറയുന്നു. അല്‍ അഖ്‌സയിലെ ഹറം അല്‍ ശരീഫിലെ ഇസ്രായേലി ആക്രമണങ്ങളെ പ്രമേയത്തില്‍ യുനെസ്‌കോ അപലപിച്ചു. മുസ്‌ലിംകള്‍ക്ക് ആരാധിക്കാനും അല്‍ അഖ്‌സയില്‍ പ്രവേശിക്കാനുമുള്ള സ്വാതന്ത്ര്യം തടയുന്നതിനായി ഇസ്രായേല്‍ സ്വീകരിക്കുന്ന നിയമവിധേയമല്ലാത്ത നടപടികള്‍ക്കെതിരേയും യുനസ്‌കോ പ്രമേയത്തില്‍ വിമര്‍ശനമുന്നയിക്കുന്നു.
ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടത്തുന്നതില്‍നിന്ന് ഇസ്രായേല്‍ തടയാന്‍ ശ്രമിക്കുകയാണ്. ഇതിനായി വ്യാജ ജൂത കുഴിമാടങ്ങള്‍ സ്ഥാപിക്കുന്നു. ചരിത്രപരമായി തന്നെ മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളായ ഇടങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. സ്‌കൂളുകള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും നേരെ അവര്‍ ആക്രമണം നടത്തുന്നു. ഗസയിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം ഇസ്രായേല്‍ ലംഘിക്കുകയാണെന്നും അതിനെ അപലപിക്കുന്നതായും യുനസ്‌കോ വ്യക്തമാക്കി.
Next Story

RELATED STORIES

Share it