അല്‍ശബാബിനെതിരായ നീക്കം പാളുന്നു; ബോംബേറില്‍ കൊല്ലപ്പെടുന്നവര്‍ ദരിദ്ര ഗ്രാമീണര്‍

അല്‍ശബാബിനെതിരായ നീക്കം പാളുന്നു; ബോംബേറില്‍ കൊല്ലപ്പെടുന്നവര്‍ ദരിദ്ര ഗ്രാമീണര്‍
X
somalia

ഖാര്‍ത്തൂം: അല്‍ശബാബിനെ ഒതുക്കാനെന്ന പേരില്‍ യുഎസ് സോമാലിയയില്‍ നടത്തുന്ന ബോംബേറില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ദരിദ്ര ഗ്രാമീണരാണെന്നു പാമ്പസുക്ക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍. ഈയിടെ നടന്ന ബോംബാക്രമണത്തില്‍ 150ലധികം അല്‍ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടുവെന്ന് പെന്റഗണ്‍ അവകാശപ്പെട്ടിരുന്നു. അല്‍ശബാബ് തൊട്ടുപിന്നാലെ അതു നിഷേധിക്കുകയും ചെയ്തു.
സോമാലിയയില്‍ പാശ്ചാത്യാനുകൂലികളായ പാവഭരണത്തിനെതിരേ സായുധസമരം നടത്തുന്ന അല്‍ശബാബ് അല്‍ഖാഇദയുടെ ശാഖയാണെന്നാണ് യുഎസ് ഭരണകൂടം പ്രചരിപ്പിക്കുന്നത്. അമേരിക്കന്‍ ആശിര്‍വാദത്തോടെ സോമാലിയയില്‍ കടന്നുകയറിയ കെനിയന്‍- എത്യോപ്യന്‍ പിന്തുണകൊണ്ടാണ് മൊഗാദിഷു ഭരണകൂടം നിലനില്‍ക്കുന്നത്. ഇതിനു പുറമെ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഭടന്‍മാര്‍ സോമാലിയയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണു കരുതപ്പെടുന്നത്. അല്‍ ശബാബിന്റെ വക്താവായ ശെയ്ഖ് അബ്ദി അസീസ് അബുമുസ്അബ് ഈയിടെ തങ്ങളുടെ ക്യാംപ് ആക്രമിച്ചതു പാശ്ചാത്യ ഭാഷകള്‍ സംസാരിക്കുന്നവരാണെന്നു സൂചിപ്പിക്കുന്നു. ഹോണ്‍ ഓഫ് ആഫ്രിക്കയില്‍ നിയന്ത്രണം സ്ഥാപിക്കാനുള്ള യുഎസ് തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ എന്നു പാമ്പസുക്ക പറയുന്നു.
2006ല്‍ സോമാലിയയില്‍ പൊതുവേ സമാധാനം സ്ഥാപിക്കുന്നതില്‍ വിജയിച്ച യൂനിയന്‍ ഓഫ് ഇസ്‌ലാമിക് കോര്‍ട്ട്‌സ് ഭരണകൂടത്തെ തകര്‍ക്കുന്നതിനാണ് യുഎസ് പിന്തുണയോടെ വിദേശ സൈന്യങ്ങള്‍ ഇവിടെയെത്തിയത്. ആഭ്യന്തരയുദ്ധം രൂക്ഷമാവുന്നതിന് അതു കാരണമായി. ഇസ്‌ലാമിക് കോര്‍ട്ട്‌സ് വേണ്ടത്ര പാശ്ചാത്യാനുകൂലികളല്ലാതിരുന്നതാണ് നാറ്റോ രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചത്. എന്നാല്‍ നാറ്റോ ഇടപെടല്‍കൊണ്ട് അല്‍ശബാബിനെ തകര്‍ക്കാന്‍ പറ്റിയില്ലെന്നു പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കെനിയന്‍-എത്യോപ്യന്‍ സൈന്യത്തിനു നല്‍കുന്ന ധനസഹായം 20 ശതമാനം വെട്ടിക്കുറയ്ക്കുകയാണെന്ന് ഇയു രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചത് ഈയിടെയാണ്. കെനിയയില്‍ അല്‍ശബാബ് നടത്തുന്ന പ്രതികാരനടപടികള്‍ മൊഗാദിഷുവില്‍ തമ്പടിച്ച കെനിയന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്നതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it