Fortnightly

അലി ബാഖവി

അലി ബാഖവി
X
ormaഅഡ്വ. കെ എം അശ്‌റഫ്

പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറക്കടുത്ത് പൈലിപുറം ഗ്രാമത്തില്‍ ഒരു സാധാരണ സുന്നികുടുംബത്തിലാണ് 1947 ല്‍ അലി ജനിച്ചത്. പിതാവ് തച്ചങ്ങാട്ടില്‍ അഹമ്മദ്. മാതാവ് ഖദീജക്കുട്ടി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തമിഴ്‌നാട്ടിലെ ബാഖിയാത്തുസ്വാലിഹാത്തില്‍ ചേര്‍ന്നു. അവിടെനിന്ന് ബാഖവി ബിരുദം നേടി. പള്ളിദര്‍സുകളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ali-inതന്റെ ബോധ്യങ്ങളെ പരിശോധിക്കുന്നതിനും ശരിയെന്നു മനസ്സിലാക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും തൗഹീദ് പ്രചരണം മുഖ്യപ്രവര്‍ത്തനമായി കൊണ്ടുനടക്കുകയും ചെയ്ത സലഫി പ്രസ്ഥാനത്തില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീട് മൗദൂദിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ജമാഅത്തെ ഇസ്്‌ലാമിയില്‍ അംഗമായി. സംഘടനയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായി ജോലിനോക്കി.തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ അദ്ദേഹം എന്‍ഡിഎഫിലേക്ക് കടന്നുവന്നു.

അന്നദ്ദേഹം വാടാനപ്പള്ളി ഇസ്്‌ലാമിയാ കോളജില്‍ അധ്യാപകനായിരുന്നു. ഫാഷിസത്തിനെതിരെയുള്ള ജനകീയ പ്രതിരോധം എന്ന ആശയത്തിന്റെ അനിവാര്യത മനസ്സിലാക്കിയ പണ്ഡിതന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. വിവിധ ഇസ്്‌ലാമിക സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവര്‍ അന്ന് എന്‍ഡിഎഫില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍തന്നെ അലി ബാഖവിക്ക് ജമാഅത്തെ ഇസ്്‌ലാമിയില്‍നിന്നോ അവരുടെ സ്ഥാപനത്തില്‍നിന്നോ മാറി നില്‍ക്കേണ്ടിവന്നില്ല. പക്ഷേ, ഈ അവസ്ഥ വളരെ കാലം നീണ്ടുനിന്നില്ല.അലി ബാഖവിയെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ വാടാനപ്പള്ളി കോളജിലെ ജോലി, അല്ലെങ്കില്‍ എന്‍ഡിഎഫ് പ്രവര്‍ത്തനം.

എന്‍ഡിഎഫ് ബന്ധത്തിന്റെ പേരില്‍ ഒരു ജമാഅത്ത് സ്ഥാപനത്തില്‍നിന്നും പിരിച്ചുവിട്ടാല്‍ അതിന്റെ കീഴിലുള്ള മറ്റൊരു സ്ഥാപനത്തിലും ജോലി ലഭിക്കില്ലായിരുന്നു. ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതിനാല്‍ സുന്നി, മുജാഹിദ് സ്ഥാപനങ്ങളിലും അദ്ദേഹത്തിന് ജോലി ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു. ഒരു ഇസ്‌ലാമിക പണ്ഡിതനായ അലി ബാഖവിക്ക് ഇതര തൊഴില്‍ മേഖലകളിലേക്കാവശ്യമായ പ്രവര്‍ത്തനപരിചയമില്ലായിരുന്നു. എന്‍ഡിഎഫിന് ആരംഭ ദശയില്‍ പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കാന്‍തക്ക സ്ഥാപനങ്ങളോ അവസരങ്ങളോ ഇല്ലാതിരുന്നു. അലി ബാഖവി തന്റെ പ്രശ്‌നം എന്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്തു. എന്താണ് അദ്ദേഹത്തിന് ഉചിതമായി തോന്നുന്നത് അതുപോലെ ചെയ്യാനാണ് സംഘടന അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്.

വരുംവരായ്കയെക്കുറിച്ചോ കഷ്ടനഷ്ടങ്ങളെക്കുറിച്ചോ ചിന്തിച്ച് വ്യാകുലപ്പെടാതെ അദ്ദേഹം എന്‍ഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചു. അഡ്ജസ്റ്റ്‌മെന്റുകള്‍ക്കോ കോംപ്രമൈസുകള്‍ക്കോ അദ്ദേഹം തയ്യാറായിരുന്നില്ല. വാടാനപ്പള്ളിയില്‍നിന്ന് പിരിയുമ്പോള്‍ മൂന്ന് ചെറിയ കുട്ടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാം പ്രപഞ്ചനാഥനില്‍ അര്‍പ്പിച്ച് ധീരമായി അലി ബാഖവി സംഘടനയുടെ കൂടെനിന്നു.

പിന്നീട് സംഘടന അദ്ദേഹത്തെ മഞ്ചേരിയിലെ സത്യസരണിയില്‍ (ദാറുല്‍ ഹിദായ) നിയമിച്ചു. അലി ബാഖവിക്ക് ഏറെ പരിചയക്കാരെയും ഇസ്്‌ലാമിക പ്രബോധന പ്രവര്‍ത്തനരംഗത്ത് ചിരപ്രതിഷ്ഠയും നേടിക്കൊടുത്തത് സത്യസരണിയിലെ പ്രവര്‍ത്തനമാണ്. ആദ്യകാലത്ത് സത്യസരണിയിലെ ഏക സ്റ്റാഫായിരുന്നു അലി ബാഖവി. ali-blurb
അവിടുത്തെ പഠിതാക്കള്‍ക്ക് കുറഞ്ഞ സൗകര്യങ്ങളിലും ഒരു വീടിന്റെ അനുഭവം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധവെച്ചു. അന്തേവാസികളോട് സ്‌നേഹപൂര്‍വ്വം അദ്ദേഹം പെരുമാറി. അവിടെനിന്ന് പഠിച്ചിറങ്ങിയ ശേഷവും അവര്‍ അലി ബാഖവിയെ കാണാനും പരിചയം പുതുക്കാനും സമയം കണ്ടെത്തി. തമിഴ്‌നാടിന്റെ അതിര്‍ത്തിഗ്രാമങ്ങളായ ചമണാമ്പതിയിലെയും നന്ദിയോടിലെയും മുസ്്‌ലിംകള്‍ക്കിടയില്‍ അദ്ദേഹം നടത്തിയ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണ്. നമസ്‌ക്കരിക്കാന്‍പോലുമറിയാത്ത അവിടുത്തെ മുസ്്‌ലിംകള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രം അമ്പലങ്ങളില്‍ പോകുമായിരുന്നു. അവര്‍ക്കിടയിലേക്ക് കടന്നുചെന്ന സത്യസരണി പ്രവര്‍ത്തകരില്‍ വ്യതിരിക്തമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അലി ബാഖവി. അദ്ദേഹത്തിന് പലപ്പോഴും ഏതെങ്കിലും പള്ളിയില്‍ അന്തിയുറങ്ങേണ്ടിവന്നു.

പ്രയാസങ്ങളോ അസൗകര്യങ്ങളോ അദ്ദേഹത്തെ തളര്‍ത്തിയില്ല. പ്രതിസന്ധികളിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അദ്ദേഹം അടിയുറച്ചു നിന്നു. പ്രബോധന രംഗത്ത് ഏറ്റവും പ്രായോഗികമായ രീതികളാണ് അലി ബാഖവി അനുവര്‍ത്തിച്ചിരുന്നത്. പഠിതാക്കള്‍ക്ക് നമസ്‌കാരത്തിന്റെ രൂപം പറഞ്ഞു കേള്‍പ്പിക്കുന്നതിന് പകരം, നേരിട്ട് ശീലിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇസ്്‌ലാമിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം പ്രബോധനം നിര്‍വ്വഹിച്ചിരുന്നത്. പ്രബോധന പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമ്പോള്‍ അനിവാര്യമായും നേരിടേണ്ടിവരുന്ന വെല്ലുവിളികളെയും ഭീഷണികളെയും അദ്ദേഹം ധീരതയോടും സമടചിത്തതയോടുംകൂടി തരണം ചെയ്തു. തന്റെ പഠിതാക്കളുടെ സംരക്ഷണത്തില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. കാര്യങ്ങള്‍ യഥാവിധം നിര്‍വ്വഹിക്കാനുള്ള കഴിവ് അനുഭവങ്ങളിലൂടെ അദ്ദേഹം ആര്‍ജിച്ചെടുത്തിരുന്നു. സത്യത്തിന്റെ പാതയില്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ചും അദ്ദേഹം ഉറച്ചുനിന്നു.

സത്യം ആരോട് തുറന്നു പറയുവാനും അദ്ദേഹം സന്നദ്ധനായി. ഈ വിശിഷ്ട ഗുണം അദ്ദേഹത്തെ ആദരണീയനാക്കി. മിതഭാഷിയും കര്‍ക്കശക്കാരനുമായപ്പോഴും സ്‌നേഹസമ്പന്നനായ അധ്യാപകനായാണ് ശിഷ്യഗണങ്ങള്‍ അലിബാഖവിയെ ഓര്‍ക്കുന്നത്. അദ്ദേഹത്തിന് വിശാലമായ സൗഹൃദവൃന്ദം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജനാസ നമസ്‌ക്കാരത്തിന് പൈലിപുറം ഗ്രാമത്തില്‍ എത്തിച്ചേര്‍ന്ന ജനക്കൂട്ടം അതിന്റെ തെളിവായിരുന്നു. അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലികൊടുത്തവര്‍, ശിഷ്യര്‍, സഹപ്രവര്‍ത്തകര്‍, സ്‌നേഹിതര്‍, പരിചയക്കാര്‍ എന്നിവര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവിന്റെ തെളിവും സാക്ഷ്യവുമായിരുന്നു അന്ന് പൈലിപുറത്തേക്ക് ഒഴുകിയെത്തിയ ജനാവലി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹത്തായ അനന്തരഫലങ്ങള്‍ ഉണ്ടാകുമാറാവട്ടെ. പാപമോചനവും സ്വര്‍ഗ്ഗപ്രവേശനവും നല്‍കി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാവട്ടെ.

(തയ്യാറാക്കിയത്: അത്ഹര്‍ നസീം)
Next Story

RELATED STORIES

Share it