അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷസ്ഥാപനമല്ല: കേന്ദ്രം

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ല. ഒരു മതേതര സമൂഹത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ എസ് ഖേഹര്‍, എം വൈ ഇഖ്ബാ ല്‍, സി എന്‍ നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെയാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1967ല്‍ അസീസ് പാഷ കേസിനെ തുടര്‍ന്ന് സര്‍വകലാശാലയെ ന്യൂനപക്ഷ കേന്ദ്രമായി കാണാനാവില്ലെന്നും പാര്‍ലമെന്റാണ് അത് സ്ഥാപിച്ചതെന്നും മുസ്‌ലിം കളല്ലെന്നും വ്യക്തമാക്കിയിരുന്നു. 1875ല്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജിന് 1920 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേന്ദ്ര സര്‍വകലാശാല പദവി ലഭിച്ചത്.
അസീസ് പാഷ കേസിലെ വിധി പിന്‍പറ്റിയാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 1967ല്‍ നിയമ ഭേദഗതിയിലൂടെ അലിഗഡിന് ന്യൂനപക്ഷ സ്വഭാവം പാര്‍ലമെന്റ് നല്‍കിയിരുന്നു. 2004ല്‍ പിജി മെഡിക്കല്‍ സീറ്റുകളില്‍ 50 ശതമാനം മുസ്‌ലിംകള്‍ക്കായി സര്‍വകലാശാല സംവരണം ചെയ്തിരുന്നെങ്കിലും കേസ് അലഹബാദ് ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്ന് മുസ്‌ലിം സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, 2006ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ അലിഗഡിന് ന്യൂനപക്ഷ പദവി അനുവദിച്ച 1981ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി ന ല്‍കിയിരുന്നു. ഈ ഹരജി പിന്‍വലിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ ഹരജി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്രത്തിലെ ഭരണമാറ്റത്തിന്റെ ഭാഗമായാണോ അലിഗഡ് വിഷയത്തിലെ സര്‍ക്കാ ര്‍ നിലപാട് മാറ്റിയതെന്ന് ജസ്റ്റിസ് ഇഖ്ബാല്‍ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ നിലപാട് തെറ്റായിരുന്നുവെന്നായിരുന്നു ഇതിന് റോഹ്തഗി നല്‍കിയ മറുപടി. ഒരു സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തെ, അത് മോശമായിരുന്നു എന്ന് പറയരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്ന് അലിഗഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി പി റാവു പറഞ്ഞു. അസീസ് പാഷ കേസ് വിശാല ബെഞ്ചിന് വിട്ട് കേസ് പുനപ്പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇതേത്തുടര്‍ന്ന് യൂനിവേഴ്‌സിറ്റിയുടെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അറ്റോ ര്‍ണി ജനറലിന് നിര്‍ദേശം നല്‍കി. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും.
അതേസമയം, സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി ജീവന്‍മരണ വിഷയമാണെന്ന് വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിച്ചത് സമുദായത്തിന്റെ സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയാണ്. അത് നിലനിര്‍ത്താന്‍ ഏതറ്റംവരേയും പോവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it