അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസംഘട്ടനം; രണ്ടു മരണം

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പൂര്‍വവിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചു. സര്‍വകലാശാല ഈയിടെ പുറത്താക്കിയ മെഹ്ത്താബ്, എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് എത്തിയ മുഹമ്മദ് വാഖിഫ് എന്നിവരാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം.
അസംഗഡ്, സാംബാല്‍ മേഖലകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയതെന്ന് പോലിസ് പറഞ്ഞു. മുംതാസ് ഹോസ്റ്റലിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും മുറിക്ക് തീയിടുകയും ചെയ്തതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. ഇതറിഞ്ഞ എതിര്‍വിഭാഗക്കാര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു കാറും ആറ് ബൈക്കുകളും കത്തിച്ചു. സര്‍വകലാശാല ഭരണാധികാരിയുടെ കാര്യാലയത്തിനും തീയിട്ടു. സംഭവമറിഞ്ഞ് വന്‍ പോലിസ് സംഘമെത്തി. വിദ്യാര്‍ഥികളെ പിരിച്ചുവിടുന്നതിനായി പോലിസ് ആകാശത്തേക്കു വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ അലിഗഡ് കാംപസില്‍ എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയായിരുന്നു. പരീക്ഷയ്‌ക്കെത്തിയ മുഹമ്മദ് വാഖിഫ് കാംപസിനടുത്തായിരുന്നു താമസിച്ചിരുന്നത്.
സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഏറ്റുമുട്ടിയ വിദ്യാര്‍ഥിസംഘം കുറച്ചുകാലമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്ന് സിഐ ജി ഗോവിന്ദ് അഗര്‍വാള്‍ പറഞ്ഞു.
കാംപസില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. എട്ടുപേര്‍ക്കെതിരേ കേസെടുത്തു. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തിരുന്നതായി അലിഗഡ് വൈസ് ചാന്‍സലര്‍ റിട്ട. ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. അതേസമയം, കര്‍ശന സുരക്ഷയില്‍ ബിടെക് പ്രവേശനപ്പരീക്ഷ ഇന്നലെ നടന്നു.
Next Story

RELATED STORIES

Share it