അലിഗഡ് സംഘര്‍ഷം; സിബിഐ അന്വേഷിക്കണം: വൈസ് ചാന്‍സലര്‍

അലിഗഡ്: കഴിഞ്ഞ ശനിയാഴ്ച അലിഗഡ് സര്‍വകലാശാല കാംപസിലുണ്ടായ അക്രമസംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനയച്ച കത്തില്‍ സിബിഐയോ പ്രത്യേക കര്‍മസേന (എസ്ടിഎഫ്)യോ അന്വേഷിക്കണമെന്നാണ് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടത്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചോ എന്ന ചോദ്യത്തിന് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സര്‍വകലാശാലാ കാംപസില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കാംപസില്‍ ദ്രുതകര്‍മസേനയെ വിന്യസിക്കേണ്ടിവന്നു. ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ നേരത്തെ കാംപസില്‍ നിന്നു പുറത്താക്കിയവരുള്‍പ്പെടെ പുറത്തുനിന്നുള്ളവരാണ് സംഘര്‍ഷത്തില്‍ പങ്കെടുത്തവരിലധികവുമെന്നാണു പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അടുത്ത ദിവസങ്ങളില്‍ അതിന്റെ ഫലമറിയാം.
വേനലവധിക്ക് കാംപസ് അടച്ച സാഹചര്യത്തില്‍ ജൂണ്‍ 15നകം മെഡിക്കല്‍ വിദ്യാര്‍ഥികളൊഴികെയുള്ളവരുടെ ഹോസ്റ്റല്‍ മുറികള്‍ ഒഴിപ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. അവധി കഴിഞ്ഞ് കാംപസ് തുറക്കുന്നതോടെ പുതിയ ചില നിബന്ധനകള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല അധ്യാപക സംഘടനയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it