അലിഗഡ് മുസ്‌ലിം സര്‍വകലാശാല: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം തയ്യാറാക്കുന്നു

ന്യൂഡല്‍ഹി: മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അലിഗഡ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇതിന്റെ മുന്നോടിയായി മാനവവിഭവ ശേഷി മന്ത്രാലയം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാക്കി.
അലിഗഡ് സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നിഷേധിച്ചുകൊണ്ടുള്ള 1967ലെ സുപ്രിംകോടതി വിധി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം തയ്യാറാക്കിയിട്ടുള്ളത്. ഞായറാഴ്ച അലഹബാദില്‍ നടക്കുന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ഈ സത്യവാങ്മൂലത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്.
അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തിയ യുപിഎ സര്‍ക്കാരിന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം തയ്യാറാക്കിയിരിക്കുന്നത്. 1967ല്‍ അസീസ് ബഷ്‌റ എന്ന വ്യക്തിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ ബഷ്‌റയുടെ വാദം തള്ളിക്കൊണ്ടാണ് സുപ്രിംകോടതി അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു വിധിപറഞ്ഞത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല സ്ഥാപിച്ചതെന്നും അത് മുസ്‌ലിം വ്യക്തിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1981ല്‍ പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്ന് അലിഗഡിന് ന്യൂനപക്ഷ പദവി തിരിച്ചുനല്‍കി. എന്നാല്‍, 2006ല്‍ അലഹബാദ് ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. ഇതിനെതിരേ യുപിഎ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഇതില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധമായി അത് ന്യൂനപക്ഷപദവി അര്‍ഹിക്കാത്ത സ്ഥാപനമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ നിലപാട് തെറ്റായതും ഉത്തരവാദിത്തരഹിതവുമാണെന്നും 1967ലെ കോടതിവിധി അംഗീകരിക്കുകയാണെന്നും പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
അലിഗഡ് സര്‍വകലാശാല മുസ്‌ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണെന്നതല്ലാതെ അത് ന്യൂനപക്ഷ സ്ഥാപനമല്ലെന്നും സര്‍ക്കാര്‍ നിലപാടെടുക്കും. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രണ്ടു മാസമായി സത്യവാങ്മൂലം തയ്യാറാക്കുന്നത്.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിക്കു പുറമെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അശോക് മേത്ത, മുതിര്‍ന്ന മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇതിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി രാജ്യത്തെ മുതിര്‍ന്ന നിയമജ്ഞരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നതോടെ ഈ കേസില്‍ മറിച്ചൊരു കോടതിവിധി ഉണ്ടാവാനുള്ള സാധ്യത വിരളമാണ്.
Next Story

RELATED STORIES

Share it