അലിഗഡ് കേന്ദ്രത്തിലെ കോഴ്‌സിന് ബാര്‍ കൗണ്‍സില്‍ അംഗീകാരം

പെരിന്തല്‍മണ്ണ: അലിഗഡ് മലപ്പുറം കേന്ദ്രത്തിലെ ബിഎ എല്‍എല്‍ബി (ഹോണേഴ്‌സ്) കോഴ്‌സിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) അംഗീകാരം ലഭിച്ചു. 2010-2011 ബാച്ച് മുതല്‍ 2014-2015 വരെയുള്ള കോഴ്‌സുകള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
2015-2016 ബാച്ചിനുള്ള അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഇതോടെ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയവര്‍ക്ക് കേരള ഹൈക്കോര്‍ട്ടില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും നീങ്ങിയതായി ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് അറിയിച്ചു.
2011ലാണ് അഞ്ച് വര്‍ഷമുള്ള ബിഎഎല്‍എല്‍ബി കോഴ്‌സ് മലപ്പുറം കേന്ദ്രത്തില്‍ തുടങ്ങുന്നത്. 2015ല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കി ഇറങ്ങി. അവരുടെ എന്റോളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാര്‍ കൗണ്‍സിലിനെ സമീപിച്ചപ്പോഴാണ് എന്റോള്‍ ചെയ്യാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസ്സിലായത്. ഇതോടെയാണ് ബിസിഐ അംഗീകാരത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തിയത്. 2015 ഫെബ്രുവരിയില്‍ നാക് സംഘത്തിന്റെ സന്ദര്‍ശനത്തിനു ശേഷം യൂനിവേഴ്‌സിറ്റി അധികൃതരുടെ നിരന്തര ശ്രമഫലമായി 2015 ഒക്‌ടോബര്‍ 16ന് ബിസിഐ സംഘം മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ച് പരിശോധന നടത്തി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2016 ഫെബ്രുവരി 21ന് നടന്ന ബിസിഐ യോഗത്തില്‍ 2014-2015, 2015-2016 ബാച്ചുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം 2011 മുതല്‍ 2014 വരെയുള്ള ബാച്ചുകള്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. കേന്ദ്രം ഡയറക്ടറുടെയും യൂനിവേഴ്‌സിറ്റി അധികൃതരുടെയും ശ്രമഫലമായി നില നിന്നിരുന്ന എല്ലാ സാങ്കേതിക തടസ്സങ്ങളും ദൂരീകരിച്ചു. ഇതോടെ എല്ലാ ബാച്ചുകള്‍ക്കും ഇപ്പോള്‍ അംഗീകാരമായി.

2012ല്‍ മലപ്പുറം കേന്ദ്രത്തിലെ വിദ്യാര്‍ഥിയായ പരസ്‌നാഥ് സിങ് ബിസിഐക്ക് നല്‍കിയ വിവരാവകാശ അപേക്ഷ ബിസിഐ അലിഗഡ് എക്‌സാം കണ്‍ട്രോളര്‍ക്ക് നല്‍കുകയും അതിന്റെ മറുപടിയായി പ്രത്യേകം അംഗീകാരം ആവശ്യമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it