അലിഗഡ് കേന്ദ്രത്തിന് 15 കോടി അനുവദിച്ചു

പെരിന്തല്‍മണ്ണ: അലിഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തില്‍ അക്കാദമിക കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ 15 കോടി രുപ ഗ്രാന്റ് അനുവദിച്ചു. അതിന് പുറമെ, കിഷന്‍ഗഞ്ച് (ബിഹാര്‍), മുര്‍ഷിദാബാദ് (വെസ്റ്റ് ബംഗാള്‍) സെന്ററുകളിലേക്ക് മലപ്പുറം കേന്ദ്രത്തിന്റെ വിഹിതത്തില്‍നിന്ന് നല്‍കിയിരുന്ന 7.5 കോടി രൂപയും മലപ്പുറം കേന്ദ്രത്തിന്റെ അക്കൗണ്ടിലുള്ള 5.5 കോടി രൂപയുമുപയോഗിച്ചായിരിക്കും നിര്‍മാണം നടത്തുക.
നേരത്തേ 12ാം പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രത്തിന്റെ വികസനത്തിന് വകയിരിത്തിയിരുന്ന 140 കോടിയിലെ ബാക്കിയുള്ള ഈ സംഖ്യ ലഭിച്ചതോടെ ഇതുവരെ മുടങ്ങിക്കിടന്നിരുന്ന സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാനാവും. സ്ഥലം എംപി കൂടിയായ ഇ അഹമ്മദിന്റെയും വിസി സമീറുദ്ദീന്‍ ഷായുടെയും നേതൃത്വത്തില്‍ രാഷ്ട്രപതിയെയും ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ യുജിസി ചെയര്‍മാനെയും വിവിധ ഘട്ടങ്ങളിലായി കണ്ട് നടപടികള്‍ ത്വരിതപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. ആറ് നിലകളിലായാണ് കെട്ടിടം പൂര്‍ത്തിയാവുക. ആദ്യ രണ്ടു നിലകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ള ലോ, മാനേജ്‌മെന്റ്, എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റുകളും ക്ലാസുകളും അതിലേക്ക് മാറും. ആവശ്യമായ സൗകര്യമില്ലാത്തത്‌കൊണ്ടായിരുന്നു പുതിയ കോഴ്‌സുകള്‍ അനുവദിക്കാതിരുന്നത്.
സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങുന്നതോടെ ഏറെക്കാലമായി കാത്തിരിക്കുന്ന കേന്ദ്രത്തിന്റെ വികസനത്തിന് വേഗത കൈവരും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഹമ്മദ് അഅ്‌സം ഖാന്‍ (ഹൈദറാബാദ്) മലപ്പുറം കേന്ദ്രത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാറായി ചുമതലയേറ്റിട്ടുണ്ട്. സെന്ററില്‍ സ്‌കൂള്‍ തുടങ്ങുകയെന്ന ചിരകാല ആവശ്യത്തിന് പരിഹാരമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് എഎംയു ആക്ട് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാവും.
മലപ്പുറം കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള സ്ഥിരം അധ്യാപക നിയമനം തുടങ്ങിക്കഴിഞ്ഞു. നിയമവിഭാഗത്തില്‍ പുതുതായി നിയമിച്ച എട്ടില്‍ അഞ്ച് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. മാനേജ്‌മെന്റ്, എജ്യൂക്കേഷന്‍ വിഭാഗങ്ങളിലും അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിലെ ബിഎ എല്‍എല്‍ബി, എംബിഎ, ബിഎഡ് ഉള്‍പ്പടെയുള്ള വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് പതിനെട്ടാണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി. ഈ വര്‍ഷത്തെ അഡ്മിഷനില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവുമെന്ന് ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് പ്രത്യാശ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it