അലിഗഡ്: ആര്‍എസ്എസുകാര്‍ ഉള്‍പ്പെട്ട പട്ടിക പ്രണബ് മടക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ അലിഗഡ് മുസ്‌ലിം ഭരണസമിതിയുടെ പട്ടിക രാഷ്ട്രപതി തിരിച്ചയച്ചു. പുതിയ പേരുകള്‍ സമര്‍പ്പിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. അലിഗഡ് സര്‍വകലാശാലയുടെ ഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കം സജീവമാക്കുകയും ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതിയുടെ നടപടി.
സര്‍വകലാശാലയുടെ 28 അംഗ ഭരണസമിതിയിലേക്കു മാനവവിഭവശേഷി മന്ത്രാലയത്തിനു മൂന്നുപേരെ നിര്‍ദേശിക്കാം. അതിനാല്‍ നിലവില്‍ ഒഴിവുള്ള സ്ഥാനത്തേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രജത് ശര്‍മ, ആര്‍എസ്എസിന്റെ വിദ്യാഭ്യാസ ശൃംഖലയായ വിജ്ഞാന്‍ ഭാരതി പ്രസിഡന്റ് വിജയ് പി ഭട്കര്‍ എന്നീ പേരുകളാണ് മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍, പട്ടികയില്‍ അതൃപ്തി അറിയിച്ച് സര്‍വകലാശാലയുടെ വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി രണ്ടു പേരുകളും മടക്കി അയക്കുകയായിരുന്നു. ഇപ്പോഴത്തെ രണ്ടു പേരുകളും അംഗീകരിക്കാനാവില്ലെന്നുള്ള സന്ദേശവും സര്‍ക്കാരിന് നല്‍കി. ഹിന്ദി ന്യൂസ് ചാനലായ ഇന്ത്യാ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയ രജത് ശര്‍മ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി അടുപ്പം പുലര്‍ത്തുന്നയാളും പ്രകടമായി സംഘപരിവാര ആഭിമുഖ്യം പ്രകടിപ്പിക്കുന്നയാളുമാണ്.
റിപോര്‍ട്ടിനോട് ഇതുവരെ മാനവവിഭവശേഷി മന്ത്രാലയം പ്രതികരിച്ചിട്ടില്ല. പുതിയ പേരുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ പട്ടികയിലും ഇരുവരുടെയും പേരുകള്‍ സ്ഥാനംപിടിച്ചാല്‍ അവയ്ക്ക് അംഗീകാരം ലഭിച്ചേക്കില്ലെന്നു റിപോര്‍ട്ടുണ്ട്.
സര്‍വകലാശാലയ്‌ക്കെതിരേ സര്‍ക്കാര്‍ തുടര്‍ച്ചയായി നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അലിഗഡ് വിസി സമീറുദ്ദീന്‍ ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിക്കു മുന്നില്‍ വച്ചതായാണ് സൂചന. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നടപടികളില്‍ ഇതാദ്യമായല്ല രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിക്കുന്നത്. അടുത്തിടെ വിശ്വഭാരതി സര്‍വകാശാലാ വൈസ്ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന മന്ത്രാലയത്തിന്റെ ശുപാര്‍ശയും രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. എന്തിനാണ് പുറത്താക്കുന്നതെന്നു കാരണം ചോദിച്ചാണ് അന്ന് രാഷ്ട്രപതി മന്ത്രാലയത്തിന്റെ ഫയല്‍ മടക്കിയത്.
സര്‍വകലാശാല 2008ല്‍ തുടങ്ങിയ മലപ്പുറം ഉള്‍പ്പെടെയുള്ള അഞ്ച് ഓഫ് കാംപസുകള്‍ അടച്ചുപൂട്ടിക്കുമെന്നു മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മലപ്പുറം സെന്ററിന് പിന്തുണതേടി ജനുവരിയില്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സംഘത്തോടുമാണ് പണംതരില്ലെന്നും സെന്റര്‍ പൂട്ടിക്കുമെന്നും കേന്ദ്രമന്ത്രി ഭീഷണി മുഴക്കിയത്. ചര്‍ച്ചയ്ക്കിടെ അലിഗഡ് വിസി സമീറുദ്ദീന്‍ ഷായെ കേന്ദ്രമന്ത്രി ചീത്തവിളിച്ചു പുറത്താക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it