അലിഗഡില്‍ 'ബീഫ് ബിരിയാണി' വിവാദം

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു) മെഡിക്കല്‍ കോളജിലെ കാന്റീനില്‍ ബീഫ് ബിരിയാണി വിളമ്പിയെന്ന ആരോപണം വിവാദമായി. ഭക്ഷണശാലയില്‍ ബീഫ് ബിരിയാണി വിളമ്പിയെന്ന വാട്‌സ്ആപ് സന്ദേശം കഴിഞ്ഞദിവസമാണു പ്രചരി—ച്ചത്. എന്നാല്‍ ആരോപണം സര്‍വകലാശാല നിഷേധിച്ചു. പോത്തിറച്ചിയല്ല പശുവിറച്ചിയാണ് സര്‍വകലാശാലയില്‍ വിളമ്പിയതെന്ന തരത്തിലാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. കോളജ് കാന്റീനിലെ മെനു കാര്‍ഡിന്റെ ചിത്രങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്.
വാര്‍ത്തയെത്തുടര്‍ന്ന് ബിജെപി മേയര്‍ ശകുന്തള ഭാരതിയും ബിജെപി നേതാക്കളും സംഘപരിവാര പ്രവര്‍ത്തകരും അലിഗഡ് സീനിയര്‍ പോലിസ് സൂപ്രണ്ടിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. എഎംയു മെഡിക്കല്‍ കോളജ് കാന്റീന്‍ കരാറുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് അറിയിച്ചു.
എഎംയു അധികൃതര്‍ കാന്റീനില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആപല്‍ക്കരമായ ശ്രമമാണ് ആരോപണമെന്ന് സര്‍വകലാശാലാ വക്താവ് റാഹത്ത് അബ്‌റാര്‍ പ്രതികരിച്ചു. മെനു കാര്‍ഡില്‍ ബീഫ് എന്ന് കാണിച്ചത് പോത്തിറച്ചിയാണെന്നും അദ്ദേഹം പറഞ്ഞു. കാന്റീനിന്റെ നിലവിലെ കരാര്‍ കാലാവധി ഉടന്‍ അവസാനിക്കും. അടുത്ത കരാര്‍ ലക്ഷ്യമിടുന്ന സ്ഥാപിത താല്‍പര്യക്കാരാണ് വിവാദത്തിന് പിന്നിലെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി അബ്‌റാര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടുമുമ്പാണ് അലിഗഡ് സര്‍വകലാശാലയില്‍ ഗോമാംസം നിരോധിച്ചത്.
Next Story

RELATED STORIES

Share it