Editorial

അലിഗഡിന്റെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തണം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു മുസ്‌ലിം വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് നേരെയാണിപ്പോള്‍ എന്‍ഡിഎ ഭരണകൂടം ഭീഷണിയുയര്‍ത്തുന്നത്.
1875ല്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നിന്നു വിട്ടുനിന്ന മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടു സ്ഥാപിച്ച ആംഗ്ലോ-മുഹമ്മദന്‍ ഓറിയന്റല്‍ കോളജാണ് പിന്നീട് വിശ്വപ്രശസ്തമായ സര്‍വകലാശാലയായി വളര്‍ന്നത്. ഓക്‌സ്ഫഡിനെയും കാംബ്രിജിനെയും മാതൃകയാക്കി സ്ഥാപിച്ച സര്‍വകലാശാല പ്രഗല്ഭരായ ഒട്ടേറെ പണ്ഡിതന്‍മാര്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട്. നവാബുമാരും മുസ്‌ലിം പ്രഭുക്കന്‍മാരും വഖ്ഫായി നല്‍കിയ വസ്തുവഹകളിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. 1920ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് തന്നെ അതിന് ഒരു പൂര്‍ണ സര്‍വകലാശാലയുടെ പദവി നല്‍കി. മുസ്‌ലിംകള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പലരും സര്‍വകലാശാലയെ അകമഴിഞ്ഞു സഹായിച്ചതെന്ന് അലിഗഡ് കാംപസ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റും.
അലിഗഡ് ഒരു മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്നു സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനുള്ള ഒരുക്കത്തിലാണ് സമൃതി ഇറാനിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാട്ടിറച്ചി തുടങ്ങിയ വിഷയങ്ങള്‍ വിവാദമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സത്യവാങ്മൂലം കൊടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറെടുക്കുന്നത്. ബിജെപി അഖിലേന്ത്യാധ്യക്ഷന്‍ വര്‍ഗീയവികാരങ്ങള്‍ക്കു തീക്കൊളുത്തുന്നതില്‍ തന്റെ മിടുക്ക് പല പ്രാവശ്യം പ്രകടിപ്പിച്ചതാണ്.
അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നതില്‍ സംശയമില്ല. സര്‍വകലാശാലയുടെ ചരിത്രം പരിശോധിക്കുന്ന മതാന്ധത ബാധിക്കാത്ത ഏതൊരാളും അതു സമ്മതിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഗവണ്‍മെന്റ് 1981ല്‍ അതു സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനു സര്‍വകലാശാല നിയമത്തില്‍ ഭേദഗതി കൊണ്ടുവരുകയും അതിന്റെ ന്യൂനപക്ഷ പദവി വീണ്ടും ഊന്നിപ്പറയുകയും ചെയ്തത്. വളരെ വൈകി 2006ല്‍ ദുഷ്ടലാക്കുള്ള ചിലര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് ആ ഭേദഗതിക്കു സ്റ്റേ വാങ്ങി.
സര്‍വകലാശാല കാംപസുകളില്‍ പ്രവേശനം കിട്ടാത്തതിനാല്‍ കുപിതരായ സംഘപരിവാരം, ജെഎന്‍യുവിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ചില കല്‍പിത സര്‍വകലാശാലകളിലും സ്വന്തക്കാരെ തിരുകിക്കയറ്റി വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തുടര്‍ച്ചയായിട്ടു വേണം അലിഗഡിനു നേരെയുള്ള ഈ കുതിരകയറ്റത്തെയും കാണാന്‍.
ഇന്ത്യയെ പോലെ ബഹുസ്വരമായ ഒരു രാഷ്ട്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ് അലിഗഡ്. അതു നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൈയടക്കാനും അതിന്റെ നിയന്ത്രണമേറ്റെടുക്കാനുമുള്ള ശ്രമങ്ങള്‍ ചെറുക്കുന്നതിന് എല്ലാ മതേതര ജനാധിപത്യ സംഘടനകളും മുമ്പോട്ടുവരണം.
Next Story

RELATED STORIES

Share it