അലഹാബാദ് സര്‍വകലാശാലയില്‍ രാഷ്ട്രീയ ഇടപെടല്‍; രാജിഭീഷണിയുമായി വിസി

അലഹാബാദ്: രാഷ്ട്രീയ ഇടപെടല്‍മൂലം അലഹാബാദ് സര്‍വകലാശാലയുടെ ഭരണയന്ത്രം നിശ്ചലമായെന്ന് വൈസ് ചാന്‍സലര്‍ ആര്‍ എല്‍ ഹംഗ്‌ലു. രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ താനും സഹപ്രവര്‍ത്തകരും രാജിവയ്ക്കുമെന്ന് അദ്ദേഹം ഭീഷണിമുഴക്കി. ഇതൊരു കേന്ദ്ര സര്‍വകലാശാലയാണ്. മുമ്പ് കിഴക്കിന്റെ ഓക്‌സ്ഫഡ് എന്നാണ് ഇതിനെ വിളിച്ചിരുന്നത്. രാഷ്ട്രീയ ഇടപെടല്‍ തുടരുന്നുവെങ്കില്‍ സര്‍വകലാശാലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സാധ്യതയില്ല. ബിജെപി, കോണ്‍ഗ്രസ്, എസ്പി, എബിവിപി എന്നീ സംഘടനകളിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ സര്‍വകലാശാലാ കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നുവെങ്കില്‍ സര്‍വകലാശാല വളരില്ല. സര്‍ക്കാരിന്റെ വരുതിയില്‍ സര്‍വകലാശാലയെ നിര്‍ത്തണമെങ്കില്‍ വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ക്ക് പകരം എംപിമാരെയോ എംഎല്‍എമാരെയോ വൈസ് ചാന്‍സലര്‍മാര്‍ ആക്കുന്നതാണ് നല്ലത്- ഹംഗ്‌ലോ പറഞ്ഞു.
സര്‍വകലാശാലയെ നേട്ടത്തിന്റെ പാതയിലേക്ക് കൊണ്ടുപോവാനാണ് തങ്ങളുടെ ശ്രമം. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ സര്‍വകലാശാലയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയാണ്. രാഷ്ട്രീയ ഇടപെടല്‍ സര്‍വകലാശാലയ്ക്ക് തിരിച്ചടിയാണെന്നാണ് തന്റെ എല്ലാ സഹപ്രവര്‍ത്തകരും പറയുന്നത്. ഇടപെടല്‍ തുടര്‍ന്നാല്‍ തങ്ങള്‍ അധികാരമൊഴിയും. അപ്പോള്‍ സര്‍ക്കാരിന് അവരുടെ അഭിപ്രായം അനുസരിച്ച് ഭരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വിദ്യാഭ്യാസ വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകള്‍ക്ക് ഓഫ്‌ലൈന്‍ സമ്പ്രദായം തുടരാനുള്ള സര്‍വകലാശാലാ തീരുമാനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് വിസി രാഷ്ട്രീയ സമ്മര്‍ദ്ദത്തെക്കുറിച്ച് വാചാലനായത്.
പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രം നടത്താനായിരുന്നു സര്‍വകലാശാലയുടെ ആദ്യ തീരുമാനം. ചില ബിജെപി എംപിമാര്‍ മാനവശേഷി മന്ത്രി സ്മൃതി ഇറാനിയെ കണ്ടശേഷമാണ് സര്‍വകലാശാല മുന്‍ തീരുമാനം മാറ്റിയതെന്നാണറിയുന്നത്. ഓഫ്‌ലൈന്‍ പരീക്ഷ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയില്‍പെട്ട വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ നടത്തിയ നിരാഹാരസമരം എംപിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദൂര ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഓഫ്‌ലൈന്‍ പ്രവേശനപ്പരീക്ഷ അനിവാര്യമാണെന്നായിരുന്നു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളുടെ പക്ഷം.
രാഷ്ട്രീയമുള്ളതിനാല്‍ മാനവവികസനശേഷി മന്ത്രി ഇതില്‍ ഇടപെടരുതെന്ന് വിസി ആവശ്യപ്പെട്ടിട്ടുണ്ട്. വിസി തെറ്റായാണ് വിദ്യാര്‍ഥിപ്രക്ഷോഭം കൈകാര്യം ചെയ്തതെന്ന് മെയ് അഞ്ചിന് സര്‍വകലാശാല സന്ദര്‍ശിച്ച ഒരു സംഘം ബിജെപി എംപിമാരും എംഎല്‍എമാരും ആരോപിച്ചിരുന്നു.
വിസിയുടെ ഓഫിസിനു മുമ്പില്‍ പ്രകടനം നടത്തിയ യൂനിയന്‍ നേതാക്കള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയ സര്‍വകലാശാലയുടെ നടപടിയില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് എംപിമാര്‍ സ്മൃതി ഇറാനിയെ കണ്ടത്.
Next Story

RELATED STORIES

Share it