palakkad local

അലനല്ലൂരില്‍ ലീഗിന് തലവേദന

അലനല്ലൂര്‍: പതിവായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ അലനല്ലൂരില്‍ നിന്നു മല്‍സരിക്കാന്‍ മുസ്‌ലിംലീഗില്‍ ഇതിനകം ആറു സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കുന്നതു പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാവുന്നു. ജില്ലാ പഞ്ചായത്തില്‍ മറ്റെല്ലാ വാര്‍ഡുകളും മുമ്പ് എല്‍.ഡി.എഫിനോടൊപ്പം നിന്നപ്പോഴും അലനല്ലൂര്‍ എന്നും യു.ഡി.എഫിനൊപ്പമായിരുന്നു. മണ്ണാര്‍ക്കാട് അസംബ്ലി മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് അലനല്ലൂരില്‍ ലീഗിന് ലഭിക്കാറുള്ളത്.

എടത്തനാട്ടുകര, അലനല്ലൂര്‍, തിരുവിഴാംകുന്ന്, കോട്ടോപ്പാടം, ഭീമനാട്, തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ന്നതാണ് അലനല്ലൂര്‍ ജില്ലാ പഞ്ചായത്ത്് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മുന്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറിയും അലനല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ ഹംസ, ജില്ലാ ലീഗ് ജോയിന്റ് സെക്രട്ടറിയും കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന നേതാവുമായ നെച്ചുള്ളിയിലെ പൊന്‍പാറ കോയക്കുട്ടി, അറബിക് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ സലാം, മണ്ഡലം ജനറല്‍ സെക്രട്ടറിയും അരിയൂര്‍ ബാങ്ക് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. ടി എ സിദ്ദീഖ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് പാറോക്കോട്ട് റഫീഖ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു ഈ ഡിവിഷനില്‍. സ്ഥാനാര്‍ഥിമോഹമുള്ള നേതാക്കളെല്ലാം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്ന തിരക്കിലാണ്.
Next Story

RELATED STORIES

Share it