അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി വീണ്ടും നീട്ടി

ദുബയ്: സാമ്പത്തിക കുറ്റത്തിന് ദുബയ് പോലിസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെ നവംബര്‍ 12 വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ദുബയ് കോടതി ഉത്തരവിട്ടു. മൂന്നാം തവണയാണ് രാമചന്ദ്രന്റെ കസ്റ്റഡി കോടതി നീട്ടുന്നത്.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി അഹമ്മദ് ഷിഹ നിരസിക്കുകയായിരുന്നു. 340 ലക്ഷം ദിര്‍ഹമിന്റെ വണ്ടി ചെക്ക് നല്‍കിയെന്ന യുഎഇയിലെ രണ്ട് ബാങ്കുകളുടെ പരാതിയിലാണ് ആഗസ്ത് 18ന് രാമചന്ദ്രന്‍ ദുബയില്‍ അറസ്റ്റിലാകുന്നത്. ദുബയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് മാത്രം 79 ദശലക്ഷം ദിര്‍ഹം സ്ഥാപനം നല്‍കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വന്‍ സാമ്പത്തിക ബാധ്യത കാരണം പരാജയപ്പെടുകയായിരുന്നു. ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി നിരവധി സ്ഥാപനങ്ങളുള്ള രാമചന്ദ്രന്‍ 1981ല്‍ രണ്ടു കിലോ സ്വര്‍ണവുമായി സൂഖ് അല്‍ വതനിയയില്‍ ആദ്യജ്വല്ലറി ആരംഭിച്ചു. 1991 മുതല്‍ ദുബയ് ആസ്ഥാനമായി ആഭരണ വ്യാപാര രംഗത്ത് കുതിച്ചുയര്‍ന്നു. 2010ല്‍ ഒമാനിലെ റുവിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ആരംഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സ്ഥാപനത്തെ താറടിക്കാന്‍ മറ്റു സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതായി രാമചന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it