wayanad local

അറ്റകുറ്റപ്പണി നടത്തിയില്ല; 50 വര്‍ഷം പഴക്കമുള്ള കിണര്‍ ഉപയോഗശൂന്യം

പനമരം: 50 വര്‍ഷം പഴക്കമുള്ള കിണര്‍ നോക്കുകുത്തി. കരിമ്പുമ്മല്‍-വാടോച്ചാല്‍ പാതയ്ക്കും മുസ്‌ലിം പള്ളിക്കും സമീപത്തായാണ് കിണര്‍ അനാഥമായി കിടക്കുന്നത്.
പനമരം ഗ്രാമപ്പഞ്ചായത്താണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശവാസികളുടെ കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിന് കിണര്‍ നിര്‍മിച്ചത്. ഏകദേശം 50ഓളം വീട്ടുകാരുടെ ആശ്രയമായിരുന്നു ഇത്. കൂടാതെ വാടോച്ചാല്‍, പനമരം പ്രദേശത്തെ ഹോട്ടലുകളിലും കുടിവെള്ളം എത്തിച്ചത് ഈ കിണറില്‍ നിന്നാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഉപയോഗശൂന്യമായി.
പരിസരവാസികള്‍ സ്വന്തം വീടുകളില്‍ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ അവരും ഈ കിണര്‍ ഉപേക്ഷിച്ചു. കനത്ത വേനലിലും ഈ കിണറിലെ വെള്ളം വറ്റാറില്ലെന്നു പരിസരത്തെ പഴമക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോഴാണ് പഴയ കിണറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നത്. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെയായി യാതൊരു നടപടിയുമുണ്ടായില്ല.
പ്രദേശത്തെ ജലനിധി പദ്ധതി അവതാളത്തിലായതോടെ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. പഞ്ചായത്ത് കിണര്‍ നന്നാക്കി കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it