അറുപത്തഞ്ചുകാരന്റെ മരണം സൂര്യാഘാതം മൂലം

ആലത്തൂര്‍: ചിറ്റില്ലഞ്ചേരിയില്‍ 65കാരന്റെ മരണകാരണം സൂര്യാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ചിറ്റില്ലഞ്ചേരി കടമ്പിടി പൂതറോഡ് പൊന്നുവിന്റെ മകന്‍ മണി (65)യാണു മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് ആളൊഴിഞ്ഞ പറമ്പിലെ ഉണങ്ങിയ ചെടികള്‍ക്കിടയില്‍ മണി മരിച്ചുകിടക്കുന്നതു പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു.
വെയിലേറ്റ് ശരീരം കറുത്തനിലയിലായതിനാല്‍ ഇവര്‍ക്ക് മൃതദേഹം ആരുടേതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മണിയെ കാണാതായതിനെ തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പ്രദേശവാസികളും മൃതദേഹം പരിശോധിച്ചപ്പോഴാണ് മരിച്ചത് മണിയാണെന്നു തിരിച്ചറിഞ്ഞത്.
ശനിയാഴ്ച്ച പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതം മൂലമുള്ള നിര്‍ജലീകരണം സംഭവിച്ചാണ് മരണം നടന്നതെന്നു കണ്ടെത്തിയത്. വാര്‍ധക്യസഹജമായ അസുഖത്തിനു ചികില്‍സ തേടുന്ന മണി രണ്ടു ദിവസം മുമ്പ് സഹോദരിയുടെ വീട്ടില്‍ പോയതായി പറയുന്നു. തിരിച്ച് വീട്ടിലേക്കു വരുന്ന സമയത്താണ് സൂര്യാഘാതമേറ്റതെന്നു കരുതുന്നു. മൃതദേഹം വൈകീട്ടോടെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു. മകള്‍: ജിന്‍സി, മരുമകന്‍: സന്തോഷ്‌കുമാര്‍, സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, കോമളം, യശോദ.
Next Story

RELATED STORIES

Share it