Pathanamthitta local

അറുപതിന്റെ നിറവില്‍ ചിറ്റാര്‍ എസ്റ്റേറ്റ് ഗവ. എല്‍പി സ്‌കൂള്‍

ചിറ്റാര്‍: മലയോരത്തെ ആദ്യകാലത്തെ വിദ്യാലയമായ ചിറ്റാര്‍ എസ്‌റ്റേറ്റ് ഗവ. എല്‍പി സ്‌കൂള്‍ അറുപതിന്റെ നിറവില്‍. 60ാം വാര്‍ഷിക ആഘോഷത്തോടൊപ്പം പൂര്‍വ വിദ്യാര്‍ഥി സംഗമവും പ്രീ-പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. എവിടി എസ്‌റ്റേറ്റിന്റെ പ്രതാപകാലം സ്‌കൂളിന്റേതുമായിരുന്നു. ഒന്നു മുതല്‍ നാലു ക്ലാസുകളിലായി 400ല്‍ അധികം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ന് 40ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇന്നുള്ളത്.
കുട്ടികളില്‍ അധികവും പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരും പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നുള്ളതും സ്‌കൂളിന്റെ അനിവാര്യതയെയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്തെ അണ്‍ എയ്ഡഡ്, എയ്ഡഡ് മേഖലയില്‍ പ്രീ-പ്രൈമറി വിദ്യാഭ്യാസം മുതല്‍ ആരംഭിക്കുന്ന സ്‌കൂളുകളുടെ വരവും എവിടി ഉടമസ്ഥതയിലുള്ള തോട്ടം മുറിച്ചു വിറ്റതും സ്‌കൂളിന്റെ പ്രതാപകാലം നഷ്ടപ്പെടുത്തി. ഇതിനോടൊപ്പം വിവിധ എസ്‌സി, എസ്ടി കോളനികളില്‍ നിന്നുള്ള കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് വാഹന സൗകര്യമില്ലാതിരിക്കുന്നതും കുട്ടികളുടെ എണ്ണത്തില്‍ കുറിവിന് കാരണമായി. ഇതിനിടയിലും അധ്യാപകര്‍ തങ്ങളുടെയും പിടിഎയുടെയും ചെലവില്‍ വാഹനങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നു കുട്ടികളെ എത്തിച്ചാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോവുന്നത്.
ഒരേക്കറില്‍ അധികം വരുന്ന സ്‌കൂള്‍ കോംപൗണ്ടിനുള്ളില്‍ മിനി സ്റ്റേഡിയവും 300 പേര്‍ക്ക് ഇരിക്കാവുന്ന പവലിയനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്രമീകരിച്ചിട്ടുണ്ട്.
ഇതിനുശേഷം ആരംഭിച്ച മറ്റുപല സ്‌കൂളുകളും യുപി സ്‌കൂളായും ഉയര്‍ത്തപ്പെട്ടപ്പോഴും ചിറ്റാര്‍ എസ്‌റ്റേറ്റ് ഗവ. എല്‍പി സ്‌കൂള്‍ തഴയപ്പെട്ടു. പ്രാഥമിക പഠനത്തിന് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വിദ്യാലയങ്ങളെയാണ് പ്രദേശത്തുകാര്‍ക്ക് ആശ്രയിക്കേണ്ടത്. ചിറ്റാര്‍ ഗവ. എല്‍പി സ്‌കൂള്‍, യുപി സ്‌കൂളായി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അറുപതാം ആഘോഷത്തോടൊപ്പം സ്‌കൂളിന്റെ നഷ്ടപ്രതാപം തിരികെയെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രദേശവാസികള്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് രാവിലെ 10ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രവികല എബി നിര്‍വഹിക്കും.
പിടിഎ പ്രസിഡന്റ് പി എ ഷാജഹാന്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ബിപിഒ ഷാജി എ സലാം മുഖ്യപ്രഭാഷണം നടത്തും. പ്രീപ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ശ്രീധരന്‍ നിര്‍വഹിക്കും.
കാഷ് അവാര്‍ഡ് വിതരണം പത്തനംതിട്ട എഇഒ ഉഷാ ദിവാകരനും സമ്മാനദാനം ഗ്രാമപ്പഞ്ചാത്തംഗം മറിയാമ്മ വര്‍ഗീസും നിര്‍വഹിക്കുമെന്ന് പിടിഎ പ്രസിഡന്റ് പി എ ഷാജഹാന്‍, ഹെഡ്മിസ്ട്രസ് വി എ സീനത്ത് ബീഗം, സ്‌കൂള്‍ ലീഡന്‍ മിഥുന്‍ മോഹന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it