malappuram local

അറുതിയില്ലാതെ കാട്ടാനശല്യം: പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തണ്ണിക്കടവ് നിവാസികള്‍ സമരത്തിന്

എടക്കര: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തണ്ണിക്കടവ് നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് സര്‍വകക്ഷി യോഗം ചേരും. പോത്തുകല്‍ റെയ്ഞ്ചിന് കീഴിലെ കരിയംമുരിയം വനത്തില്‍ നിന്നും നിത്യേന ഇറങ്ങുന്ന കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതിപരത്തുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്.
ഇതിനിടെയാണ് ശനിയാഴ്ച രാത്രി അറന്നാടംപൊട്ടിയില്‍ പരേതനായ ചാത്തന്റെ മകള്‍ സുമതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വനത്തോട് ചേര്‍ന്ന സ്വന്തം സ്ഥലത്ത് രാത്രിയില്‍ ഉറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു കൊമ്പന്റെ ആക്രമണമെന്ന് കരുതുന്നു.
അറന്നാടംപൊട്ടിയിലെ പാലത്തിങ്ങല്‍ അപ്പു, കപ്പച്ചാലി ബഷീര്‍ എന്നിവരുടെ തോട്ടത്തിലെ വാഴ, കമുക്, തെങ്ങ്, റബര്‍ എന്നിവയാണ് ശനിയാഴ്ച രാത്രി ഒറ്റയാന്‍ നശിപ്പിച്ചത്. കൊള്ളിലാന്‍ വര്‍ഗീസ്, വലിയവീട്ടില്‍ ശശി, പാലത്തിങ്ങല്‍ അപ്പു, തൊട്ടേക്കാടന്‍ മൊയ്തീന്‍, തലാപ്പില്‍ നാസര്‍, മുഹമ്മദലി പട്ടത്ത് എന്നിവരെല്ലാം വിളനാശം നേരിട്ട കര്‍ഷകരാണ്. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ ഫലമായി മരുത കൊടമണിക്കോട് മുതല്‍ തണ്ണിക്കടവ് വരെയുള്ള ഏഴ് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക, കാട്ടാനശല്യത്തിന് പരിഹാരം കാണുക, വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി സ്ഥാപിക്കുക, വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച വൈകിട്ട് തണ്ണിക്കടവില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്.
Next Story

RELATED STORIES

Share it