ernakulam local

അറിവിന്റെ വിസ്മയ ലോകം തുറന്ന് ശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രദര്‍ശനം

കൊച്ചി: എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രദര്‍ശനം കുട്ടിമികവിന്റെ വേറിട്ട കാഴ്ചയാകുന്നു. പ്ലാസ്റ്റിക് ട്യൂബും ചോര്‍പ്പും ബലൂണും ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌റ്റെതസ്‌കോപ്പ് മുതല്‍ ബയോഗ്യാസ് പ്ലാന്റിന്റെ വലിയ മാതൃക വരെ പ്രദര്‍ശനത്തിലുണ്ട്.
ഒപ്പം കുട്ടികള്‍ വരച്ച മാപ്പുകള്‍, കണക്കിലെ കളികളുടെ ചാര്‍ട്ടുകള്‍, ഭക്ഷ്യവസ്തുക്കളിലെ മാലിന്യം അറിയാനുള്ള നാടന്‍ രീതികള്‍, വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍, നാണയങ്ങള്‍, കൗതുക വസ്തുക്കള്‍, പഴയ കാലത്തെ സാധനങ്ങള്‍ എന്നിങ്ങനെ വിപുലമായ ശേഖരമാണ് പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുള്ളത്. കുട്ടിക്കൂട്ടത്തിന്റെ വിജ്ഞാന കൗതുകം തുറന്നു കാട്ടുന്നവയാണ് വടിവൊത്ത അക്ഷരത്തില്‍ വെള്ളക്കടലാസില്‍ തീര്‍ത്ത കയ്യെഴുത്തു പ്രതികളില്‍ മിക്കവയും.—
പഴയതും പുതിയതുമായ ഭക്ഷണ രീതികള്‍ കുറിപ്പടി സഹിതം ഒന്‍പതാം ക്ലാസുകാരുടെ പുസ്തകത്തിലുണ്ട്. ഏട്ടാം ക്ലാസിന്റെ കൃഷിപ്പതിപ്പില്‍ നടീലും പരിചരണവും മുതല്‍ പഴമയുടെ കൃഷിച്ചൊല്ലുകള്‍ വരെ ഭംഗിയായും വൃത്തിയായും വിവരിക്കുനു. സ്‌കൂളിലെ സംസ്‌കൃത വിഭാഗം സ്റ്റാളില്‍ കയറിച്ചെല്ലുന്നവരെ നമസ്‌കാരം പറഞ്ഞ് സ്വീകരിച്ച കുട്ടികള്‍ ധന്യവാദ് (നന്ദി) പറഞ്ഞാണ് പുറത്തേക്ക് വിട്ടത്.
നാടന്‍ പച്ചക്കറികളുടെ സംസ്‌കൃത പേരുകള്‍ എഴുതി പ്രദര്‍ശിപ്പിച്ചതും വ്യത്യസ്ത കാഴ്ചയായി. അപൂര്‍വമായ ഫോസിലുകളും പാറകളും ധാതുക്കളും പ്രദര്‍ശനത്തിലുണ്ട്. ഇരുമ്പും അലൂമിനിയവുമെല്ലാം അയിര് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതും അപൂര്‍വതയാണ്. പൗഡറും ടാല്‍ക്കും പോലെ വിവിധ ഉല്‍പന്നങ്ങളും അവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ധാതുവും ഒന്നിച്ച് കാണാനും സൗകര്യമുണ്ട്. ഭൂഗര്‍ഭശാസ്ത്രം പ്രധാന വിഷയമായ ഹയര്‍ സെക്കന്‍ഡറിയുള്ള ജില്ലയിലെ രണ്ടു സ്‌കൂളുകളില്‍ ഒന്നാണ് എളമക്കര സ്‌കൂള്‍. ഭൂമിയുടെ അന്തര്‍ഘടന മുതല്‍ സമുദ്രാടിത്തറയുടെ നിമ്‌നോന്നതി വരെ ഇവിടുത്തെ പ്രദര്‍ശനത്തില്‍ കാണാം. പെട്രോളിയവും കല്‍ക്കരിയും ഉണ്ടാവുന്നത് എങ്ങിനെയെന്നും ഇവിടെ വന്നാല്‍ അറിയാം.
തൃശൂര്‍ ഗവ. വെറ്റിനറി കോളജും കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ചാണ് പ്രദര്‍ശനം. മാരകമായ ജന്തുജന്യ രോഗങ്ങളെ കുറിച്ചുള്ള സ്റ്റാള്‍ ഏറെ വിജ്ഞാനപ്രദമാണ്. സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി വിജയഗോപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 40 സ്റ്റാളുകളിലായുള്ള പ്രദര്‍ശനം ഇന്ന് അവസാനിക്കും.
Next Story

RELATED STORIES

Share it