wayanad local

അറിയിക്കാതെ ഫൈബര്‍ കേബിള്‍ വലിച്ചു; റിലയന്‍സ് നടപടി കെഎസ്ഇബി അധികൃതര്‍ തടഞ്ഞു

കല്‍പ്പറ്റ: കെഎസ്ഇബി ഓഫിസുകളില്‍ അറിയിക്കാതെ വൈദ്യുതി പോസ്റ്റുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചത് അധികൃതര്‍ തടഞ്ഞു. കല്‍പ്പറ്റ ഡിവിഷനിലെ മേപ്പാടി സെക്ഷന്‍ പരിധിയില്‍ വരുന്ന മേപ്പാടി-കല്‍പ്പറ്റ റൂട്ടില്‍ പാലവയല്‍ മുതല്‍ കാപ്പംകൊല്ലി റോഡ് വരെയുള്ള ഇരുപതോളം പോസ്റ്റുകളിലൂടെയാണ് ഇന്നലെ റിലയന്‍സ് കമ്പനി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചത്. സംസ്ഥാന തലത്തില്‍ നിന്ന് അനുമതിയുണ്ടെന്ന പേരിലായിരുന്നു ഇത്.
എന്നാല്‍, വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കുന്ന കാര്യം റിലയന്‍സ് ജില്ലയിലെ സര്‍ക്കിള്‍ ഓഫിസിലോ ഡിവിഷന്‍ ഓഫിസുകളിലോ അറിയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കല്‍പ്പറ്റ ഡിവിഷന്‍ ഇടപെട്ട് വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി സെക്ഷന്‍ ഓഫിസിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ സെക്ഷന്‍ ഓഫിസ് റിലയന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്ന് ലഭിച്ച അനുമതി പത്രം ഹാജരാക്കാന്‍ റിലയന്‍സിന് കല്‍പ്പറ്റ ഡിവിഷന്‍ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 20,000ത്തോളം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സിന് നല്‍കിയിട്ടുള്ളതായാണ് പറയപ്പെടുന്നത്. യുഡിഎഫ് സര്‍ക്കാരാണ് വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സിന് തീറെഴുതിയത്.
ജില്ലയില്‍ നൂറോളം പോസ്റ്റുകള്‍ക്കാണ് അനുമതിയുള്ളത്. ജില്ലയില്‍ റിലയന്‍സ് വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാനാരംഭിച്ചോ എന്നതു സംബന്ധിച്ച് അടുത്തിടെ കോഴിക്കോട് നോര്‍ത്ത് റീജ്യനല്‍ ചീഫ് എന്‍ജിനീയര്‍ കല്‍പ്പറ്റ സര്‍ക്കിള്‍ ഓഫിസിനോട് വിവരം ആരാഞ്ഞപ്പോള്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. ഇങ്ങനെയിരിക്കെയാണ് കെഎസ്ഇബിയെ അറിയിക്കുക പോലും ചെയ്യാതെ റിലയന്‍സ് മേപ്പാടി ഭാഗത്തെ പോസ്റ്റുകളിലൂടെ കേബിള്‍ വലിച്ചത്. ഫോര്‍ ജി സേവനങ്ങള്‍ എത്തിക്കാനെന്ന പേരിലാണ് വൈദ്യുതി പോസ്റ്റുകളിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുന്നത്. വയര്‍ലെസ് സങ്കേതിക വിദ്യയിലൂടെയാണ് ഫോര്‍ ജി സിഗ്നല്‍ എത്തിക്കുന്നതെന്നിരിക്കെ വൈദ്യുതി പോസ്റ്റുകളിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല നിര്‍മിക്കാനുള്ള റിലയന്‍സിന്റെ നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ട്.
Next Story

RELATED STORIES

Share it