അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നു ബന്ധുക്കള്‍

ഹൈദരാബാദ്: അറസ്റ്റ് ചെയ്ത ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ 25 വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും ഉടന്‍ വിട്ടയക്കണമെന്ന് ആത്മഹത്യചെയ്ത രോഹിത് വെമുലയുടെ ബന്ധുക്കളും അധ്യാപകരും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിച്ച് നിരുപാധികം വിട്ടയക്കണം. ആത്മഹത്യചെയ്ത രോഹിത് വെമുലയ്ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമരം ചെയ്തത്. അവരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു-രോഹിതിന്റെ അമ്മ രാധിക, സഹോദരന്‍ രാജ, അറസ്റ്റിലായ ചില വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍, സര്‍വകലാശാലയിലെ ചില അധ്യാപകര്‍ എന്നിവര്‍ പറഞ്ഞു.രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ അപ്പറാവുവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യണെമന്നും അവര്‍ ആവശ്യപ്പെട്ടു. കേസെടുത്തു രണ്ടുമാസം കഴിഞ്ഞിട്ടും അദ്ദേഹത്തെ ചോദ്യംചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ലെന്ന് രാധിക പറഞ്ഞു. രോഹിതിന് നീതിലഭിക്കാന്‍ ഇനിയെത്ര കാലം കാത്തിരിക്കണമെന്നും അവര്‍ ചോദിച്ചു.പാര്‍ലമെന്റില്‍ മന്ത്രി സ്മൃതി ഇറാനി രോഹിതിനെ കുട്ടി എന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍ മന്ത്രിയോ കേന്ദ്രസര്‍ക്കാരോ രോഹിതിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന തങ്ങളുടെ അപേക്ഷ പരിഗണിച്ചിട്ടില്ല. സര്‍ക്കാരിനെ ചോദ്യംചെയ്താല്‍ തങ്ങള്‍ രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തപ്പെടും. സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന സംഭവങ്ങളില്‍ തങ്ങള്‍ വളരെ നിരാശരാണ്. അപ്പറാവു തിരിച്ചുവന്നത് അമ്പരപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it