അറബ് സഖ്യസേനയെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി

ന്യൂയോര്‍ക്ക്: യെമനിലെ അറബ് സഖ്യസേനയെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. സേനയുടെ ആക്രമണങ്ങളില്‍ നൂറുകണക്കിനു കുട്ടികള്‍ കൊല്ലപ്പെട്ടതിനാലാണു നടപടിയെന്ന് യുഎന്‍ അറിയിച്ചു. യമനില്‍ ആഭ്യന്തരയുദ്ധത്തിനിടെ കഴിഞ്ഞവര്‍ഷം 510 കുട്ടികള്‍ കൊല്ലപ്പെടുകയും 667 കുട്ടികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, 10 അറബ് രാജ്യങ്ങള്‍ പങ്കാളികളായ സേനയുടെ വ്യോമാക്രമണങ്ങളിലാണ് 60 ശതമാനവും കൊല്ലപ്പെട്ടത്. 2014നെ അപേക്ഷിച്ച് ആറിരട്ടി കുട്ടികളാണു കഴിഞ്ഞവര്‍ഷം യെമനില്‍ യുദ്ധക്കെടുതികള്‍ക്കിരയായതെന്നു കഴിഞ്ഞദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. അറബ് സഖ്യസേനയ്ക്കു പുറമേ എതിരാളികളായ ഹൂഥി വിമതരെയും യുഎന്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തി. കുട്ടികളെ സൈനികരായി എടുത്ത 762 കേസുകളാണു രാജ്യത്ത് കഴിഞ്ഞവര്‍ഷം റിപോര്‍ട്ട് ചെയ്തത്. അതില്‍ 72 ശതമാനം കേസുകളില്‍ ഹൂഥികളും 15 ശതമാനത്തില്‍ സര്‍ക്കാര്‍ സൈന്യവും കുറ്റക്കാരാണെന്നും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it