അറബ്-യുഎസ് നയതന്ത്രജ്ഞന്‍ ക്ലോവിസ് മക്‌സൂദ് അന്തരിച്ചു

വാഷിങ്ടണ്‍: മുന്‍ അറബ്-അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ക്ലോവിസ് മക്‌സൂദ് അന്തരിച്ചു. പ്രഫസറും എഴുത്തുകാരനും ചിന്തകനുമായ മക്‌സൂദ് മസ്തിഷ്‌ക അസുഖത്തെത്തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയിലെ ആശുപത്രിയിലാണു മരിച്ചത്. ഫലസ്തീനുവേണ്ടി നിരന്തരം പോരാട്ടം നടത്തിയ മക്‌സൂദ് യുഎസിലേക്ക് കുടിയേറിയ ലബനീസ് മാതാപിതാക്കളുടെ മകനായി 1926ലാണു ജനിച്ചത്. ജനിച്ചത് യുഎസിലാണെങ്കിലും വളര്‍ന്നത് ലെബ്‌നാനിലായിരുന്നു. ബെയ്‌റൂത്തിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി.
ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സില്‍ (ഇപ്പോഴത്തെ അറബ് ലീഗ്) നയതന്ത്രജ്ഞനെന്ന നിലയില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. 1961-66 കാലയളവില്‍ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സിന്റെ ഇന്ത്യയിലെ മേധാവിയായിരുന്നു. 1974ല്‍ അറബ് ലീഗിന്റെ യുഎസിലെ പ്രത്യേക നയതന്ത്രജ്ഞനായി. തുടര്‍ന്ന് ലീഗ് ഓഫ് അറബിന്റെ യുഎന്നിലെ പ്രതിനിധിമേധാവിയായി. കുവൈത്തിലെ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് 1999ല്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അറബ് ദേശീയതയുടെ യോദ്ധാക്കളിലൊരാളായാണ് അദ്ദേഹത്തെ കണക്കാക്കിപ്പോന്നത്. എല്ലാ അറബികളും ഫലസ്തീനുവേണ്ടി പോരാട്ടം നടത്തുന്നതില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. ഫലസ്തീനികള്‍ എങ്ങനെയാണ് എല്ലാ അറബികള്‍ക്കും പ്രധാനപ്പെട്ടതാവുന്നതെന്നു വ്യക്തമാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫലസ്തീന് അദ്ദേഹത്തിന്റെ മരണം തീരാനഷ്ടമാണെന്ന് അല്‍ ഹെവാര്‍ സെന്റര്‍ ഡയറക്ടര്‍ സുബ്ഹി ഖന്‍ദൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it