Gulf

അറബി ഭാഷാ വെല്ലുവിളി; അധ്യാപന രീതികളില്‍ കാലോചിതമായ മാറ്റം വേണം

ദോഹ: അറബ് കുട്ടികള്‍ ഇന്ന് നേരിടുന്ന ഭാഷാപരമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് അറബ് അധ്യാപന രീതികളില്‍ കാലോചിതമായ മാറ്റവും വികാസവും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അറബി ഭാഷയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ദോഹയില്‍ സമാപിച്ച രണ്ടാമത് അറബ് ഭാഷാ നവോത്ഥാന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ആവശ്യം ഉയര്‍ന്നത്. കുട്ടികള്‍ നേരിടുന്ന ആധുനിക ഭാഷാപരമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും നേരിടുന്നതിനും അധ്യാപനമേഖല വികസിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി ശുപാര്‍ശകളാണ് യോഗത്തിലുയര്‍ന്നത്.
വിദ്യാഭ്യാസ, ഭാഷാമേഖലകളിലെ വിദഗ്ധരാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ കുട്ടികളില്‍ ഭാഷാപരമായ പ്രാവീണ്യം വികസിപ്പിച്ചെടുക്കാന്‍ സഹായകമായ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. കുട്ടികള്‍ക്ക് അറബി ഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സഹായകമായ തരത്തില്‍ അധ്യാപന രീതിയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്കായി നവീകരിച്ച പദാവലികളടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കണമെന്നതായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്ന ശുപാര്‍ശ.
അറബി ഭാഷയുടെ ഉന്നമനവും വികാസവും ലക്ഷ്യമിട്ട് വിവിധ ഭാഷാ സെന്ററുകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുക, അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായി ചേര്‍ന്നുപോകുന്ന വിധത്തില്‍ പുതിയ പാഠ്യപദ്ധതി ആവിഷ്‌കരിക്കുക, അധ്യാപന നിലവാരവും വൈദഗ്ധ്യവും വികസിപ്പിക്കുക, ഭാഷാപരമായ വിജ്ഞാനത്തിലേക്ക് അറബ് കുടുംബങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമായ പരിപാടികള്‍ നടപ്പാക്കുക, മാധ്യമങ്ങളുടെ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കുക തുടങ്ങിയ ശുപാര്‍ശകളും വിദഗ്ധര്‍ മുന്നോട്ടുവച്ചു.
വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റെനൈസന്‍സ് ഓഫ് അറബിക് ലാംഗ്വേജാ(വോറല്‍)ണ് ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രണ്ടു ദിവസത്തെ ഭാഷാ ഫോറം സംഘടിപ്പിച്ചത്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശെയ്ഖ മൗസ ബിന്‍ത് നാസറായിരുന്നു ഫോറം ഉദ്ഘാടനം ചെയ്തത്.
അറബി ഭാഷ നേരിടുന്ന വെല്ലുവിളികള്‍ ഗൗരവത്തിലെടുത്തതായി വോറല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അലി അല്‍കുബൈസി പറഞ്ഞു. ഇതു പരിഹരിക്കാന്‍ പര്യാപ്തമായ നടപടികള്‍ കുട്ടികളില്‍ നിന്നാണ് തുടങ്ങേണ്ടതെ അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it