malappuram local

അറബി പഠിപ്പിച്ചു മതിവരാതെ പ്രസന്ന ടീച്ചര്‍ പടിയിറങ്ങുന്നു

താനൂര്‍: പതിനാറ് വര്‍ഷം മുമ്പ് താനൂര്‍ ഉപജില്ലയിലെ പനങ്ങാട്ടൂര്‍ ഗവ. മാപ്പിള എല്‍പി സ്‌കൂളില്‍ അറബി ടീച്ചറായി ജോലിയില്‍ പ്രവേശിച്ച ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം പാറ്റൂര്‍ സ്വദേശിനി പ്രസന്ന കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്നു വിരമിച്ചു. ജോലിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ വിരമിക്കുന്നതുവരെ പനങ്ങാട്ടൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ തന്നെയാണ് ഇവര്‍ പഠിപ്പിച്ചിരുന്നത്.
അറബി ഭാഷയോടുള്ള ഇഷ്ടം ചെറുപ്പത്തിലെ മനസ്സില്‍കൊണ്ടു നടന്ന പ്രസന്ന 1982ല്‍ അറബി അധ്യാപക കോഴ്‌സ് വിജയിച്ചെങ്കിലും 1998ലെ പിഎസ്‌സി പരീക്ഷയെഴുതി. 2000 ജൂണില്‍ സര്‍വീസില്‍ പ്രവേശിച്ച ടീച്ചര്‍ മലപ്പുറം ജില്ലയിലേയ്ക്ക് അധ്യാപനത്തിനായി ഉത്തരവ് ലഭിച്ചപ്പോള്‍ തെല്ലൊരു പരിഭ്രമത്തോടെയാണ് ജില്ലയിലേയ്‌ക്കെത്തിയതെങ്കിലും ഇന്ന് വിരമിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍നിന്ന് പിരിഞ്ഞുപോവുന്നകാര്യം ഓര്‍ക്കാന്‍ പോലും പ്രയാസമാണ് ടീച്ചര്‍ക്ക്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹമാണ് ഈ നാട് ടീച്ചര്‍ക്ക് നല്‍കിയത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വറ്റാത്ത സ്‌നേഹം കൊണ്ടാണ് ജോലിചെയ്യുന്ന സ്‌കൂളില്‍ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് സ്ഥലംമാറ്റത്തിനു പോലും അപേക്ഷ നല്‍കാതിരുന്നതെന്ന് ടീച്ചര്‍ പറഞ്ഞു.
വിരമിച്ചാലും ആലപ്പുഴയിലേയ്ക്കു താമസം മാറ്റുന്ന കാര്യം ഇനിയും ആലോചിച്ചിട്ടില്ലെന്നും മലപ്പുറം ജില്ലയില്‍ തുടര്‍ന്നും കഴിയാന്‍ ആഗ്രഹമുണ്ടെന്നും ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ പാഠ്യപാഠ്യേതര രംഗങ്ങളില്‍ തന്റേതായ കഴിവ് തെളിയിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന പനങ്ങാട്ടൂര്‍ ജിഎംഎല്‍പി സ്‌കൂളിലെ ഏക അറബി അധ്യാപികയായ പ്രസന്ന ടീച്ചര്‍ക്ക് കലാമല്‍സരങ്ങളിലൂടെ കുട്ടികളെ പരിശീലിപ്പിക്കാനും സമ്മാനാര്‍ഹരാക്കാനും കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് സബ്ജില്ലാതല അറബി സാഹിത്യോല്‍സവങ്ങളില്‍ ടീച്ചറുടെ കുരുന്നുപ്രതിഭകള്‍ പലതവണ ഓവറോള്‍ കിരീടം നേടി. അറബി ഭാഷ പഠിപ്പിക്കുന്നതില്‍ തീരാത്ത സന്തോഷമാണെന്നും അറബി പഠിപ്പിച്ചു മതിവരാതെയാണു വിരമിക്കുന്നതെന്നും അവര്‍ പറഞ്ഞു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്‌നേഹമാണു പിരിഞ്ഞുപോവുമ്പോള്‍ ഏറെ പ്രയാസത്തിലാക്കുന്നതെന്ന് ടീച്ചര്‍ പറയുന്നു.
അറബി ഭാഷ പഠിപ്പിക്കുന്നതില്‍ ഉപജില്ലയിലെ മറ്റ് അറബി അധ്യാപകരില്‍നിന്നും അറബി അധ്യാപക കോംപ്ലക്‌സില്‍നിന്നും കേരള അറബിക് ടീച്ചേഴ്‌സ് സംഘടനയില്‍നിന്നും മികച്ച സഹകരണമാണ് ലഭിച്ചിരുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. പരേതനായ കരുണാകരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകളായ പ്രസന്ന ടീച്ചറുടെ ഭര്‍ത്താവ് ടി എന്‍ ഷാജി ആലപ്പുഴയിലെ പാറ്റൂരില്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനാണ.് പ്രിന്‍സി, ജിന്‍സി എന്നിവര്‍ മക്കളാണ്. താനൂര്‍ ജങ്ഷനിലെ പഴയ മാവേലി സ്റ്റോറിനു സമീപമാണ് ടീച്ചറും കുടുംബവും താമസിക്കുന്നത്.
Next Story

RELATED STORIES

Share it