Alappuzha local

അറബി കലോല്‍സവത്തില്‍ നിറസാന്നിധ്യമായി അബൂസുമയ്യും എസ് കെ ബാഖവിയും

കായംകുളം: അറബികലോല്‍സവ ഇനങ്ങളില്‍ നിറസാന്നിധ്യം തീര്‍ക്കുകയാണ് സഹോദരങ്ങളായ അബൂസുമയ്യ എന്നറിയപ്പെടുന്ന മുഹമ്മദ് ഇലിപ്പക്കുളവും എസ് കെ ബാഖവി എന്നറിയപ്പെടുന്ന സെയ്തുകുഞ്ഞും. മാപ്പിളപ്പാട്ട്, അറബിഗാനം, അറബി പദ്യപരായണം, അറബി കഥാപ്രസംഗം, അറബി സംഭാഷണം തുടങ്ങിയവകളിലെല്ലാം വര്‍ഷങ്ങളായി സംസ്ഥാന തലത്തിലുള്‍പ്പെടെ ഇവരുടെ രചനകള്‍ ചൊല്ലിയാണ് വിദ്യാര്‍ഥികള്‍ കലോല്‍സവ വേദിയില്‍ താരമാവുന്നത്.
ഇലിപ്പക്കുളം കൊട്ടിലപ്പാട്ട് പുത്തന്‍വീട്ടില്‍ പരേതരായ അബ്ദുല്‍ ഖാദര്‍ കുഞ്ഞിന്റെയും ആരിഫ ബീവിയുടെയും മക്കളാണ്. പാങ്ങോട്ട് കൊച്ചാലുംമൂട്ടില്‍ മുദര്‍റിസായി ജോലി ചെയ്തുവരികയാണ് എസ് കെ ബാഖവി. അദ്ദേഹത്തിന്റെ ഫലസ്തീന്‍, മുല്ലപ്പെരിയാര്‍ വിഷയങ്ങളിലുള്ള രചനകള്‍ ഏറെ പ്രസിദ്ധമാണ്.
ഗള്‍ഫില്‍ ഗവ. ഉദ്യോഗസ്ഥനായിരുന്ന അബൂസുമ്മയ്യ ചെറുപ്പത്തിലെ കലാരംഗത്ത് സജീവമായിരുന്നു. ഗള്‍ഫിലും കലാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയതിന് ശേഷമാണ് കലോല്‍സവ വേദികളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന പല രചനകളും നിര്‍വഹിച്ചത്. കഥാപ്രസംഗത്തില്‍ ഫലസ്തീന്‍, ഇറാഖിന്റെ കണ്ണീര്‍ എന്നിവ പ്രസിദ്ധമായ രചനകളാണ്.
അഭയാര്‍ഥികളുടെ ദുരിതം വിവരിക്കുന്ന ഐലിന്‍ കുര്‍ദിയെ സംബന്ധിക്കുന്ന രചനകള്‍ ഇരുവരും നടത്തിയിട്ടുണ്ട്. അറബി നാടകങ്ങള്‍ക്കും ഇവര്‍ രചന നിര്‍വഹിച്ചിട്ടുണ്ട്. അറബിയില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്ന ഇന്‍സ്റ്റിട്യൂട്ട് ഓഫ് അറബിക് കോളജും മുഹമ്മദ് ഇലിപ്പക്കുളം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it