അറബിക് സര്‍വകലാശാല: വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി

സമീര്‍ കല്ലായി

മലപ്പുറം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അറബിക് സര്‍വകലാശാല. എല്‍ഡിഎഫ് സ ര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് അറബിക് സര്‍വകലാശാലയ്ക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലും സര്‍വകലാശാല ഇടംപിടിച്ചില്ല.
ബജറ്റില്‍ പ്രഖ്യാപനമുണ്ടാവുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് സര്‍വകലാശാലയെക്കുറിച്ച് ഒരു സൂചനപോലും നല്‍കാത്ത നീക്കമുണ്ടായത്. ബജറ്റ് അവതരണ കാലയളവില്‍ യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്‌ലിംലീഗ് പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി കേരള യാത്രയിലായിരുന്നു. ഇതുമൂലം നേട്ടമുണ്ടാക്കാമായിരുന്ന ഒട്ടേറെ പദ്ധതികള്‍ അവഗണിക്കപ്പെട്ടെന്ന് മുസ്‌ലിംലീഗിനുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. നേരത്തേ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറബിക് സര്‍വകലാശാല വര്‍ഗീയത സൃഷ്ടിക്കുമെന്ന് നോട്ടെഴുതിയത് ലീഗിനുള്ളില്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. സര്‍വകലാശാല അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ധനകാര്യ സെക്രട്ടറി അബ്രഹാമും കുറിപ്പെഴുതി. മത- സാമുദായിക ശക്തികളുടെ താല്‍പര്യത്തിനനുസരിച്ചാണ് ഈ കുറിപ്പെഴുതലുണ്ടായതെന്ന് ലീഗ് ഉന്നതാധികാരസമിതി തന്നെ വിലയിരുത്തിയിരുന്നു. വാഗ്ദാന ലംഘനത്തില്‍ അറബിക് അധ്യാപക സംഘടനകള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. സംയുക്ത പ്രക്ഷോഭത്തിനു തയ്യാറെടുക്കാനുള്ള നീക്കത്തിലാണ് സംഘടനകള്‍.
അറബിക് സര്‍വകലാശാല കാര്യത്തില്‍ അവഗണനയും നീതികേടുമാണ് സംഭവിച്ചതെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. രണ്ടു സര്‍ക്കാറുകള്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണം. അറബി ലോകത്തെ രണ്ടാമത്തെ ഭാഷയാണ്. രാജ്യത്തിന് ഒട്ടേറെ വിദേശനാണ്യം നേടിത്തരുന്നതിനൊപ്പം ജോലിസാധ്യതയ്ക്കും അറബി ഭാഷാപഠനം ഉപയോഗപ്രദമാവുന്നുണ്ട്.
സംസ്ഥാനത്ത് അറബി പഠിക്കുന്ന 12 ലക്ഷത്തിലധികം പേരുണ്ട്. അതുകൊണ്ട് അടിയന്തര പരിഗണന നല്‍കി സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നും ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു.
ബജറ്റിനു മുന്നേതന്നെ മുഖ്യമന്ത്രിയെ കണ്ട് അറബിക് സര്‍വകലാശാലയുടെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടും അവഗണനയുണ്ടായത് നീതീകരിക്കാനാവില്ലെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. യുഡിഎഫ് വാഗ്ദാനം പാലിക്കണം. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയും സാധ്യതയുമുള്ള സര്‍വകലാശാല അട്ടിമറിക്കപ്പെടരുത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍തന്നെ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
സര്‍ക്കാറിന്റെ നടപടി കടുത്ത വഞ്ചനയാണെന്നു കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെഎടിഎഫ്) സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് പറഞ്ഞു. വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ വാക്ക് പാലിക്കണം. അടിയന്തരമായി നടപ്പാക്കാത്ത പക്ഷം യോജിച്ച പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും എ മുഹമ്മദ് പറഞ്ഞു. 18, 19, 20 തിയ്യതികളില്‍ തൃശൂരില്‍ ചേരുന്ന സംസ്ഥാന സമ്മേളനം വിഷയം ചര്‍ച്ചചെയ്യും. അറബിക് സര്‍വകലാശാല വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയരണമെന്നു കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ) സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ബസ്മല പറഞ്ഞു. സമാന ചിന്താഗതിക്കാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറബിക് സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയും ആര്‍ജവവും കാണിക്കണമന്നു കെഎന്‍എം (മടവൂര്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ സലാഹുദ്ദീന്‍ മദനി പറഞ്ഞു. സര്‍വകലാശാലയുടെ സാധ്യതയും പ്രസക്തിയും ആ ര്‍ക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it