അറബിക് സര്‍വകലാശാലയ്ക്ക് എതിരെ ചിലര്‍

അറബിക് സര്‍വകലാശാലയ്ക്ക് എതിരെ ചിലര്‍
X

സംസ്ഥാനത്തെ വലിയൊരു ജനവിഭാഗത്തിനിടയില്‍ ജാതി, മത ചിന്തകള്‍ക്കതീതമായി ജനകീയമായ ഒരു ഭാഷയുടെ പഠനത്തിനും അതേക്കുറിച്ചുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി സര്‍വകലാശാല സ്ഥാപിക്കുന്നതിനെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രമാണ് ആദ്യം തിരിച്ചറിയപ്പെടേണ്ടത്. അറബി പഠിപ്പിക്കാന്‍ സര്‍വകലാശാല സ്ഥാപിച്ചാല്‍ അത് വര്‍ഗീയത ആളിക്കത്തിക്കുന്നത് ആരുടെ ഉള്ളിലാണെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്







arabic
രാഷ്ട്രീയകേരളം/ എസ് നിസാര്‍

റബ് നാടുകള്‍ക്ക് കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണെ്ടന്നാണു ചരിത്രം പഠിപ്പിക്കുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് യൂറോപ്യന്‍മാര്‍ കടല്‍കടന്നെത്തുന്നതിനു മുമ്പു തന്നെ അറേബ്യന്‍ സമൂഹത്തിന് ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ നാട്ടുരാജ്യങ്ങളുമായി ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നുവെന്നത് ചരിത്രവസ്തുതയാണ്. വ്യാപാരമേഖലയിലെ ലാഭനഷ്ടക്കണക്കുകള്‍ക്കപ്പുറം, ഭാഷാ-സാംസ്‌കാരിക മേഖലയിലും ആ ബന്ധം സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതോടെ സുദൃഢമായ ബന്ധം ഇന്നും ഉലച്ചില്‍ തട്ടാതെ മുന്നോട്ടുപോവുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യമാണ്. ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാവുകയും അവസരങ്ങള്‍ കുറയുകയും ചെയ്യുമ്പോഴും ശരാശരി മലയാളിയുടെ തൊഴില്‍സ്വപ്നങ്ങളില്‍ ഗള്‍ഫ്് ഇന്നും പ്രതീക്ഷയുടെ തുരുത്താണ്. കൊച്ചുകേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ ഗള്‍ഫില്‍നിന്ന് മാസാമാസം ഒഴുകിയെത്തുന്ന പണം വഹിക്കുന്ന പങ്കിനെ ആര്‍ക്കും നിസ്സാരമായി കാണാന്‍ കഴിയുകയുമില്ല. മലയാളനാട്ടില്‍ തലയുയര്‍ത്തിനില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളിലും വ്യാപാരസമുച്ചയങ്ങളിലും ഒക്കെ ഓരോ പ്രവാസിയും ഒഴുക്കുന്ന വിയര്‍പ്പിന്റെ ഉപ്പുരസം കൂടി കലര്‍ന്നിട്ടുണെ്ടന്നതാണു സത്യം. പൊതുമാപ്പെന്നും നിത്വാഖാത് എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കടുത്ത ആശങ്കയോടെയല്ലാതെ കേരളത്തിന് കേള്‍ക്കാന്‍ കഴിയാത്തത് അറബ് നാടുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തോട് എത്രത്തോളം അടുത്തുനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.അറബ് നാടുകളും പ്രവാസവുമൊക്കെ കേരളീയര്‍ ഇതുവരെ കണ്ടിരുന്നത് അവരുടെ ജീവിത പ്രാരബ്ധവുമായി ബന്ധപ്പെടുത്തിയാണ്. കയറിക്കിടക്കാന്‍ ഒരു കൂര, ബാങ്ക് ലോണ്‍, കുട്ടികളുടെ പഠിപ്പ്, മകളുടെ വിവാഹം, ആശുപത്രി, മരുന്ന്, ചികില്‍സ- ഓരോ ഗള്‍ഫുകാരന്റെയും വര്‍ഷാന്ത ബാലന്‍സ് ഷീറ്റിന് പറയാനുള്ള കഥകള്‍ ഏറക്കുറേ ഒന്നുതന്നെയാണ്. ജീവിതം ഒരു കരയ്ക്കടുപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ എങ്ങനെയെങ്കിലും ഗള്‍ഫില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നവന് അറബിയുടെ ഭാഷ ഒരു പ്രതിബന്ധവും സൃഷ്ടിച്ചിട്ടില്ല. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ വേര്‍തിരിവുകള്‍ അവന് വിഷയമായിരുന്നില്ല. അങ്ങനെ മലയാളി അറബിയുടെ ഭാഷയും സംസ്‌കാരവുമൊക്കെയായി അടുത്തിടപഴകാന്‍ തുടങ്ങി കാലംകുറേയായിട്ടും അതിന്റെ പേരില്‍ ഇന്നേവരെ നാട്ടില്‍ എവിടെയെങ്കിലും ഒരു അസ്വസ്ഥത ഉണ്ടായതായി ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. എന്നാല്‍, അതേ അറബി ഭാഷയുടെ പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചാല്‍ നാട്ടില്‍ വര്‍ഗീയത ആളിക്കത്തുമെന്നാണ്  ഭരണസിരാകേന്ദ്രത്തില്‍ വാണരുളുന്ന ഏമാന്‍മാരുടെ പുതിയ കണ്ടുപിടിത്തം. കേരളീയ സാഹചര്യത്തില്‍ ആശങ്കയോടെയല്ലാതെ ഇത്തരമൊരു നിര്‍ദേശത്തെ കാണാന്‍ കഴിയില്ലെന്ന് രഹസ്യാന്വേഷണവിഭാഗക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണെ്ടന്നുമാണ് പുതിയ വെളിപാട്. സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുകയെന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യമാണ്. അറബി മുഖ്യഭാഷയായി പഠനം നടത്തുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണെ്ടന്നതു തന്നെയാണ് ഇതിനു കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്.




മലയാളിയുടെ പ്രവാസ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ഭാഷയില്ല



അതിനു പുറമേ, ആധുനിക കേരള ചരിത്രത്തിലെ സുപ്രധാന ഏടായി മാറിക്കഴിഞ്ഞ പ്രവാസത്തില്‍ മലയാളിയുടെ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ഭാഷയില്ലെന്നതും വസ്തുതയാണ്. ഇത്തരം പശ്ചാത്തലങ്ങളാണ് ഒരു പ്രത്യേക സര്‍വകലാശാല സംബന്ധിച്ച ചര്‍ച്ചയെ സജീവമാക്കിയത്. സച്ചാര്‍ കമ്മീഷന്റെയും പാലോളി കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാല എന്ന നിര്‍ദേശം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ടുവച്ചത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഇഫ്‌ലു എന്നിവയുടെ മാതൃകയില്‍ നോണ്‍ അഫിലിയേറ്റിങ് ആയാണ് അറബിക് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 16 ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ, എം.ഫില്‍, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിപാടികളും ഉള്‍പ്പെടുന്നു. ആറു പി.ജി. ഡിപ്ലോമ കോഴ്‌സുകളും അറബിക് കാലിഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോ. പി അന്‍വര്‍ ചെയര്‍മാനും പ്രഫ. സി ഐ അബ്ദുല്‍ റഹ്മാന്‍ കണ്‍വീനറുമായുള്ള സമിതി സമര്‍പ്പിച്ച റിപോര്‍ട്ട്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍വാഹകസമിതി അംഗീകരിക്കുകയും വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇത്രയൊക്കെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ മുന്നിലെത്തിയ റിപോര്‍ട്ടിനെ അതിന്റെ അക്കാദമികമായ ഗുണദോഷങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ഏറ്റവും വിചിത്രം. ഇല്ലാത്ത ആശങ്കകളും മറ്റു സാങ്കേതിക-സാമ്പത്തിക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി ഇത്തരമൊരു നിര്‍ദേശം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കുപോലും എത്തിക്കാതെ മുളയിലേ നുള്ളാനുള്ള നീക്കമാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്.


സംസ്ഥാനത്തിന് വന്‍തോതിലുള്ള സാമ്പത്തികബാധ്യത ഉണ്ടാവുമെന്നു ചൂണ്ടിക്കാട്ടി ധനവകുപ്പാണ് റിപോര്‍ട്ടിനെതിരേ ആദ്യം വാളെടുത്തത്. എന്നാല്‍, സര്‍വകലാശാല സ്ഥാപിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനത്തിനുമുള്ള ചെലവിനെക്കുറിച്ചും ധനാഗമമാര്‍ഗങ്ങളെക്കുറിച്ചും ഉന്നതവിദ്യാഭ്യാസവകുപ്പ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതാണ്. ആദ്യത്തെ അഞ്ചുവര്‍ഷത്തേക്ക് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് 90 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 75 കോടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗ്രാന്റ് ഇനത്തിലും പ്രവാസികളില്‍നിന്നും വിദേശ സംഭാവനയായും ഫീസിനത്തിലും കണെ്ടത്താന്‍ കഴിയും. ബാക്കി 15 കോടി സര്‍വകലാശാലയുടെ പ്രവര്‍ത്തനകാലയളവില്‍ ജനറല്‍ ഫണ്ടായി കണെ്ടത്താനാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കാനുള്ള സാധ്യതയും വിദ്യാഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍പോലും സംസ്ഥാന ധനവകുപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ നേരം കണെ്ടത്തിയില്ല. സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫ്. അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്ത ഒരു നിര്‍ദേശമാണ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്നത്. അതുകൊണ്ടുതന്നെ ധനവകുപ്പ് ഉന്നയിക്കുന്ന സാങ്കേതിക നൂലാമാലകളെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയസമ്മര്‍ദ്ദം ഈ വിഷയത്തില്‍ ഉണ്ടാവുകയും വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെയാണ് തുറുപ്പുചീട്ടായ സാമുദായികത വച്ചുള്ള പുതിയ തന്ത്രം അണിയറയില്‍ രൂപപ്പെടുന്നത്. അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുമെന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസണും ധനവകുപ്പ് സെക്രട്ടറി കെ എം എബ്രഹാമും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരിക്കുന്നതെന്ന വിവരങ്ങളാണ്  പുറത്തുവന്നിരിക്കുന്നത്. അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കം രഹസ്യാന്വേഷണവിഭാഗം നിരന്തരം നിരീക്ഷിച്ചുവരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്തെ വലിയൊരു ജനവിഭാഗത്തിനിടയില്‍ ജാതി, മത ചിന്തകള്‍ക്കതീതമായി ജനകീയമായ ഒരു ഭാഷയുടെ പഠനത്തിനും അതേക്കുറിച്ചുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി സര്‍വകലാശാല സ്ഥാപിക്കുന്നതിനെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രമാണ് ആദ്യം തിരിച്ചറിയപ്പെടേണ്ടത്.


അറബി പഠിപ്പിക്കാന്‍ സര്‍വകലാശാല സ്ഥാപിച്ചാല്‍ അത് വര്‍ഗീയത ആളിക്കത്തിക്കുന്നത് ആരുടെ ഉള്ളിലാണെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്. ലോകത്തിന്റെ ഗതിവിഗതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു ഭൂപ്രദേശത്തിന്റെ ഭാഷയോടുപോലും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ നമ്മുടെ സമൂഹത്തിലുണെ്ടങ്കില്‍, ചികില്‍സിക്കേണ്ടത് ആ വികലമായ മനസ്സുകളെയാണ്. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്ന സമീപനമല്ല ഭരണനിര്‍വഹണത്തിന്റെ ഉത്തരവാദിത്തപ്പെട്ട കസേരകളില്‍ വാണരുളുന്നവരില്‍നിന്ന് ഉണ്ടാവേണ്ടത്.

Next Story

RELATED STORIES

Share it