അറബിക് കൈയെഴുത്ത് വിവാദം; യുഎസില്‍ സ്‌കൂളുകള്‍ അടച്ചിട്ടു

വാഷിങ്ടണ്‍: ഭൂമിശാസ്ത്ര പാഠഭാഗത്തില്‍ ഇസ്‌ലാംമതത്തെക്കുറിച്ചുള്ള പരാമര്‍ശത്തെച്ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് യുഎസിലെ വിര്‍ജീനിയ സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും വെള്ളിയാഴ്ച അടച്ചിട്ടു. വിദ്യാര്‍ഥികള്‍ക്ക് അറബിക് വാക്യങ്ങള്‍ കൈയെഴുത്ത് പരിശീലനത്തിനു നല്‍കിയത് മതത്തെപ്പറ്റി പഠിപ്പിക്കാനുള്ള കുറുക്കുവഴിയാണെന്ന രക്ഷിതാക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചത്.
മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ അടച്ചതെന്നും സുരക്ഷാഭീഷണികൊണ്ടല്ലെന്നും അധികൃതര്‍ പറഞ്ഞു. ഇസ്‌ലാമിന്റെ അടിസ്ഥാനവാക്യമായ ലാ ഇലാഹ ഇല്ലല്ലാ, മുഹമ്മദ് റസൂലുല്ലാ (ദൈവമല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബി ദൈവത്തിന്റെ പ്രവാചകനാണ്) എന്ന വാക്യം വിദ്യാര്‍ഥികള്‍ക്ക് കൈയെഴുത്തുപരിശീലനത്തിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. കാലിഗ്രഫിയെന്ന കൈയെഴുത്തുകല ഖുര്‍ആനിന്റെ രചനാശൈലിയില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്നും പാഠഭാഗത്തിലുണ്ടായിരുന്നു. വിവാദ ഭാഗം പരിശീലനത്തിനു നല്‍കിയപ്പോള്‍ ചില വിദ്യാര്‍ഥികള്‍ ഇതു ചെയ്യാന്‍ വിസമ്മതിച്ചു. രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തു.
അറബിക് രചനയുടെ സങ്കീര്‍ണത മനസ്സിലാക്കാന്‍വേണ്ടി മാത്രമാണ് പാഠഭാഗം പരിശീലനത്തിനു നല്‍കിയതെന്നും ഒരു മതത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവം വിവാദമായ സാഹചര്യത്തില്‍ ഈ ഭാഗം മാറ്റുമെന്നും മറ്റൊരു അറബിക് വാക്യം ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it