അര്‍ജന്റീന മുന്‍ ഏകാധിപതിക്ക് 20 വര്‍ഷം തടവ്

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ മുന്‍ ഏകാധിപതി റെയ്‌നോള്‍ഡോ ബിഗ്‌നോണിന്(88) മനുഷ്യാവകാശ കുറ്റങ്ങളില്‍ 20 വര്‍ഷം തടവ്. ബിഗ്‌നോണിനു പുറമേ ഇയാളുടെ ഭരണകാലത്തെ ഉദ്യോഗസ്ഥരായിരുന്ന 14 പേര്‍ക്കും അര്‍ജന്റീനയിലെ  ഫെഡറല്‍ കോടതി എട്ടുവര്‍ഷം മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. ആറ് ഏകാധിപതികള്‍ സംയുക്തമായി നടത്തിയ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയും അതിര്‍ത്തി കടത്തുകയും ചെയ്യുന്നതിനുള്ള ഗൂഢാലോചനയായ ഓപറേഷന്‍ കോണ്‍ഡോറുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓപറേഷന്‍ കോണ്‍ഡോര്‍ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നതിനു വ്യക്തമായ തെളിവുകളുള്ളതായി കോടതി വ്യക്തമാക്കി. 1970കളില്‍ ആരംഭിച്ച ഓപറേഷന്‍ കോണ്‍ഡോറിനായി ഏകാധിപതികള്‍ രഹസ്യ പോലിസ് സംവിധാനം ഉപയോഗിച്ച് തങ്ങളുടെ എതിരാളികളെ കണ്ടെത്തുകയും അവരെ അതിര്‍ത്തി കടത്തി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ചിലി, അര്‍ജന്റീന, ബൊളീവിയ, പരാഗ്വെ, ബ്രസീല്‍, ഉറുഗ്വെ എന്നിവിടങ്ങളിലെ യുഎസ് പിന്തുണയുള്ള ഏകാധിപതികളുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഡോര്‍ ഗൂഢാലോചന നടന്നത്. 1976-83 കാലത്തെ ഏകാധിപത്യകാലത്ത് അര്‍ജന്റീനയില്‍ നടന്ന വിവിധ മനുഷ്യാവകാശ കുറ്റകൃത്യങ്ങളില്‍ മുന്‍ ജനറലായ ബിഗ്‌നോണ്‍ പ്രതിയാണെന്ന് ഫെഡറല്‍ കോടതി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it