അര്‍ജന്റീന മുന്നേറി;ബ്രസീല്‍ രക്ഷപ്പെട്ടു

ബ്യൂനസ് ഐറിസ്/ അസന്‍ഷ ന്‍: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ ഗ്ലാമര്‍ ടീം അര്‍ജന്റീന ജയത്തോടെ മുന്നേറിയപ്പോള്‍ ബ്രസീല്‍ തോല്‍വിക്കരികില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. അര്‍ജന്റീന ഹോംഗ്രൗണ്ടില്‍ ബൊളീവിയയെയാണ് 2-0നു തോല്‍പ്പിച്ചത്. എവേ മല്‍സരത്തില്‍ ബ്രസീല്‍ പരാഗ്വേയോട് 2-2ന്റെ സമനില പിടിച്ചുവാങ്ങുകയായിരുന്നു.മറ്റു മല്‍സരങ്ങളില്‍ ഉറുഗ്വേ 1-0നു പെറുവിനെയും കൊളംബിയ 3-1നു ഇക്വഡോറിനെയും ചിലി 4-1നു വെനിസ്വേലയെ യും പരാജയപ്പെടുത്തി.ഗബ്രിയേല്‍ മെര്‍കാഡോ (21ാം മിനിറ്റ്), ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി (30) എന്നിവരുടെ ഗോളുകളാണ് ബൊളീവിയക്കെതിരേ അര്‍ജന്റീനയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഈ കളിയിലെ ഗോളോടെ ദേശീയ ജഴ്‌സിയില്‍ മെസ്സി 50 ഗോളുകള്‍ പൂര്‍ത്തിയാക്കി. ജയത്തോടെ ലാറ്റിനമേരിക്കന്‍ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന (11 പോയിന്റ്) മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. അതേസമയം, 78ാം മിനിറ്റ് വരെ 0-2ന്റെ തോല്‍വിയുറപ്പിച്ച ബ്രസീല്‍ അവസാന 11 മിനിറ്റിനിടെയാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് തടിതപ്പിയത്. 40ാം മിനിറ്റില്‍ ദാരിയോ ലെസ്‌കാനോയിലൂടെ മുന്നിലെത്തിയ പരാഗ്വേയ്ക്കായി 49ാം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റസും ലക്ഷ്യം കണ്ടു. അവസാനമിനിറ്റുകളില്‍ നിരന്തരം ആക്രമണമഴിച്ചുവിട്ട ബ്രസീല്‍ 79ാം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവെയ്‌റയിലൂടെ ആദ്യ ഗോള്‍ മടക്കി. ഇഞ്ചുറിടൈമില്‍ പരാഗ്വേയെ സ്തബ്ധരാക്കി ഡാനിയേല്‍ ആല്‍വസ് മഞ്ഞപ്പടയുടെ സമനില ഗോളും നേടി.അപരാജിത കുതിപ്പ് നടത്തുകയായിരുന്ന ഇക്വഡോറിനെതിരേ കാര്‍ലോസ് ബാക്കയുടെ ഇരട്ടഗോളാണ് കൊളംബിയക്ക് മികച്ച ജയമൊരുക്കിയത്. പെറുവിനെതിരേ എഡിന്‍സന്‍ കവാനിയുടെ വകയായിരുന്നു ഉറുഗ്വേയുടെ വിജയഗോള്‍. ജയം ഉറുഗ്വേയെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിച്ചു.
Next Story

RELATED STORIES

Share it