thiruvananthapuram local

അരുവിക്കരയില്‍ രണ്ടാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍

തിരുവനന്തപുരം: അരുവിക്കര നിയമസഭ മണ്ഡലത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അരങ്ങേറാന്‍ പോകുന്നത് രണ്ടാം പൊതുതിരഞ്ഞെടുപ്പ്. മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് 2015ല്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.
ജൂണ്‍ 27നായിരുന്നു സംസ്ഥാനം ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥനായിരുന്നു വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ചത്. തീപാറും പോരാട്ടത്തിലൂടെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് മകന്‍ ശബരീനാഥന്‍ വെന്നിക്കൊടി പാറിച്ചു.
ശക്തമായ ത്രികോണ മല്‍സരമായിരുന്നു മണ്ഡലത്തില്‍ നടന്നത്. ശബരിനാഥനൊപ്പം എല്‍ഡിഎഫ് രംഗത്തിറക്കിയത് എം വിജയകുമാറിനെ ആയിരുന്നു. ബിജെപിയുടെ സ്ഥിരം സ്ഥാനാര്‍ഥി ഒ രാജഗോപാലായിരുന്നു താമര ചിഹ്നത്തില്‍ മല്‍സരിച്ചത്. യുഡിഎഫ് വിട്ട പി സി ജോര്‍ജും അഴിമതി വിരുദ്ധ മുന്നണിയുമായി മല്‍സരരംഗത്തുണ്ടായിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന് ഒരുവര്‍ഷത്തിനിടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. യുഡിഎഫിന് വേണ്ടി സിറ്റിങ് എംഎല്‍എ കെ എസ് ശബരീനാഥനും എല്‍ഡിഎഫിനായി എ എ റഷീദുമാണ് ജനവിധി തേടുന്നത്. ബിജെപിക്ക് വേണ്ടി രാജസേനനും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി എം എ ജലീലും മല്‍സരിക്കുന്നുണ്ട്.
ഇപ്പോള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിട്ടുണ്ട്. സ്ഥാനാര്‍ഥികളായ ശബരീനാഥനും, എ എ റഷീദും, രാജസേനനും ആദ്യഘട്ട പ്രചരണങ്ങള്‍ പൂര്‍ത്തിയാക്കി.
കഴിഞ്ഞദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച എസ്ഡിപിഐയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മണ്ഡലത്തില്‍ നേട്ടമുണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യമിടുന്നത്. എന്നാല്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താമെന്നുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ മണ്ഡലത്തിലെ ആദ്യഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. കഴിഞ്ഞ നാലു ദിവസമായി നടന്ന പദയാത്രയോടെയാണ് ആദ്യഘട്ടത്തിന് സമാപനമായത്. എട്ടു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു പദയാത്ര നടത്തിയത്.
അവധി ദിവസമായ ഇന്നലെ പള്ളികളിലും പ്രധാന സ്ഥലങ്ങളിലെ വീടുകളിലുമാണ് സ്ഥാനാര്‍ഥി പര്യടനം നടന്നത്. വിവിധ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എ റഷീദ് കോട്ടൂര്‍ മേഖലയിലെ ആദിവാസ ഊരുകളിലും പ്രധാന ജങ്ഷനുകളിലും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരോടും മറ്റും വോട്ടഭ്യര്‍ഥിച്ച് എത്തിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന രാജസേനന്‍, സിനിമാ സംവിധായകന്‍ എന്ന നിലയിലുള്ള പ്രശസ്തി വോട്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞദിവസം മാത്രമാണ് എസ്ഡിപിഐ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ പ്രചാരണവുമായി മണ്ഡലത്തില്‍ സജിവമാവാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it