അരുന്ധതിക്കെതിരായ കോടതിയലക്ഷ്യ നോട്ടീസ് സുപ്രിംകോടതി റദ്ദാക്കിയില്ല

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച കോടതിയലക്ഷ്യ നോട്ടീസ് റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി എന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് അരുന്ധതിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയിരുന്നത്. ഡിസംബര്‍ 23നാണ് കോടതി അരുന്ധതിക്ക് നോട്ടീസ് അയച്ചത്. ഈ മാസം 25ന് നാഗ്പൂര്‍ ബെഞ്ചിലെ ജഡ്ജി മുന്‍പാകെ ഹാജരാവണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
എന്നാല്‍, നേരിട്ട് ഹാജരാവുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരുന്ധതി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഇതില്‍ ഇളവ് നല്‍കാന്‍ ജസ്റ്റിസ് ജെ എസ് ഖേഹാര്‍, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. കോടതിയില്‍ ഹാജരാവുക എ ന്നത് വലിയ ഒരു കാര്യമാക്കേണ്ടതില്ലെന്നും സുപ്രിംകോടതി ബെഞ്ച് പറഞ്ഞു. അരുന്ധതി റോയിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങാണ് സുപ്രിംകോടതിയില്‍ ഹാജരായത്. വിഷയത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. നോട്ടീസില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം.
സായിബാബ ജയിലില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഔട്ട്‌ലുക്ക് മാഗസിനിലാണ് അരുന്ധതി ലേഖനമെഴുതിയത്.
Next Story

RELATED STORIES

Share it