അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ വീണ്ടും കീര്‍ത്തി ആസാദ് ; ഡല്‍ഹി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തിലും അഴിമതി

കൊച്ചി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ആരോപണവുമായി ബിജെപി എംപി കീര്‍ത്തി ആസാദ് വീണ്ടും. അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റായിരിക്കെ 2008ല്‍ ഡല്‍ഹി ഫിറോസ്ഷാ കോട്ട്‌ല സ്റ്റേഡിയം നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി ആസാദ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറുമെന്ന് എംപി പറഞ്ഞു. സ്റ്റേഡിയം നിര്‍മിക്കാന്‍ 25 കോടി രൂപയുടെ അനുമതിയാണ് നല്‍കിയത്. എന്നാല്‍, 58 കോടി രൂപയ്ക്കാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അധികമായി ചെലവഴിച്ച 33 കോടി സംബന്ധിച്ച് യാതൊരു രേഖകളും ലഭ്യമല്ല. വിളക്ക് സ്ഥാപിക്കല്‍ സംബന്ധിച്ച് അംഗീകാരം നല്‍കിയതു മാത്രമാണ് മിനുട്‌സില്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.
താന്‍ ബിജെപിയില്‍നിന്നു പുറത്താക്കപ്പെട്ടേക്കാം. നേതാക്കള്‍ക്ക് അവരുടേതായ തീരുമാനമെടുക്കാം. അഴിമതിക്കെതിരായ പോരാട്ടം തുടരും. പ്രധാനമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അവസരം ലഭിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികള്‍ക്കെതിരായ പോരാട്ടം തുടരും. ഹോക്കി ഇന്ത്യയില്‍ നടക്കുന്ന അഴിമതികള്‍ സംബന്ധിച്ച തെളിവുകളും ഉടന്‍ പുറത്തുവിടും. താന്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്. അവസാന തുള്ളി രക്തം ചിന്തുംവരെയും അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തികള്‍ക്കെതിരേ പറയുമ്പോള്‍ അത് പാര്‍ട്ടിക്കെതിരേയാവില്ല. ഐപിഎല്‍ അഴിമതിക്കെതിരേയും ബിസിസിഐക്കെതിരേയും പറഞ്ഞപ്പോഴൊന്നും പാര്‍ട്ടി തനിക്കെതിരേ തിരിഞ്ഞിരുന്നില്ല. രാജ്യത്തെ കായികമേഖലയില്‍ കോടികളുടെ അഴിമതിയാണു നടക്കുന്നത്. പൊതുപണം ഉപയോഗിച്ച് കാട്ടുഭരണം നടപ്പാക്കുകയാണിവിടെ. തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത ഡിഡിസിഎയോട് നന്ദിയുണ്ട്. അഴിമതിക്കെതിരേ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഇതു സഹായകരമാവും. അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തവര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വ്യക്തമായ ദുരുപയോഗമാണ് ഡിഡിസിഎയില്‍ നടന്നത്.
അന്വേഷണത്തിനായി നോട്ടീസുകള്‍ നല്‍കുക മാത്രമാണ് സിബിഐ ചെയ്യുന്നത്. ഇതിലൂടെ തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. അതിനാല്‍ പൊതുതാല്‍പര്യ ഹരജി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. തനിക്കെതിരേ ഡിഡിസിഎ പാസാക്കി എന്നു പറയുന്ന പ്രമേയം വ്യാജമാണെന്നും ജനറല്‍ സെക്രട്ടറി അനില്‍ ഖന്ന തന്നെ ഇ-മെയില്‍ വിലാസം തന്റേതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it