അരുണാചല്‍: കോണ്‍ഗ്രസ് കോടതിയിലേക്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ അവമതിക്കുകയാണെന്നും കോണ്‍ഗ്രസ് വാര്‍ത്താ വിനിമയ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.
ഫെഡറലിസം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളിലെ ഇരട്ടത്താപ്പ് തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും- അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുന്‍ നിയമ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു. രാഷ്ട്രീയ അസഹിഷ്ണുതയുടെ മുഖ്യ സ്രോതസ്സാണ് നരേന്ദ്ര മോദിയെന്നാണ് സര്‍ക്കാര്‍ നടപടി കാണിക്കുന്നത്.
സര്‍ക്കാര്‍ തെറ്റായ നടപടിയാണ് സ്വീകരിച്ചത്. നേരത്തെ ഗവര്‍ണര്‍ക്കായിരുന്നു പരിഭ്രാന്തി. ഇപ്പോള്‍ അത് സര്‍ക്കാരിനാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടില്ലെന്നറിഞ്ഞിട്ടും കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്-സിബല്‍ പറഞ്ഞു.
1977ല്‍ ജനതാപാര്‍ട്ടി ഒമ്പത് കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിട്ട നടപടിക്ക് സമാനമാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് സുര്‍ജെവാല പറഞ്ഞു.
അരുണാചല്‍പ്രദേശില്‍ കഴിഞ്ഞ ഡിസംബര്‍ പതിനാറിന് 21 വിമത കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി അംഗങ്ങളും ഒരു ഹോട്ടലില്‍ വിളിച്ചുകൂട്ടിയ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു. തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയുടെ അനന്തരഫലമാണ് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ. അരുണാചല്‍ പ്രതിസന്ധിക്ക് കാരണം ഗവര്‍ണര്‍ രാജ് ഖോവ ബിജെപി ആയതാ—ണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it