malappuram local

അരീക്കോട് ഐടി പാര്‍ക്കിന് മന്ത്രി കുഞ്ഞാലിക്കുട്ടി തറക്കല്ലിട്ടു

അരീക്കോട്: ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരീക്കോട് റൂറല്‍ ഐടി ആന്റ് ഇലക്‌ട്രോണിക്‌സ് പാര്‍ക്കിന് വ്യവസായ, ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തറക്കല്ലിട്ടു. അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയ്ക്കു കുറുകെ നിര്‍മാണം പൂര്‍ത്തിയായ അരീക്കോട് പുത്തലം മൈത്രക്കടവ് പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നര്‍വഹിച്ചു. മൈത്രക്കടവു പാലത്തിനു സമീപം നടന്ന പരിപാടിയില്‍ ഏറനാട് നിയോജക മണ്ഡലം എംഎല്‍എ പി കെ ബഷീര്‍ അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകളും തൊഴിലവസരങ്ങളും ഗ്രാമങ്ങളിലേക്കു കൂടി എത്തിക്കുന്നതിന്റെ ഭാഗമാണ് ഗ്രാമീണ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരീക്കോട് ഐടി പാര്‍ക്കും ഭാവിതലമുറയുടെ പ്രതീക്ഷയായി വളരുമെന്നും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി വി മനാഫ്, ഇസ്മായില്‍ മൂത്തേടം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ, സമീപ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭയാണ് അരീക്കോട് കിളിക്കല്ലിങ്ങല്‍ കേന്ദ്രമാക്കി റൂറല്‍ ഐടി അന്റ് ഇലക്ട്രോണിക്‌സ് പാര്‍ക്കിന് ഭരണാനുമതി നല്‍കിയത്.
പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎസ്‌ഐഎല്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഈ തുക സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായാണ് വിനിയോഗിക്കുകയെന്ന് പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 35 ഏക്കര്‍ സ്ഥലത്താണ് ഐടി പാര്‍ക്ക് നിലവില്‍ വരുന്നത്.
Next Story

RELATED STORIES

Share it