അരിസോണയില്‍ ട്രംപിനും ഹിലരിക്കും ജയം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അരിസോണയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ നിരയില്‍ ഡൊണാള്‍ഡ് ട്രംപിനും ഡെമോക്രാറ്റിക് നിരയില്‍ ഹിലരി ക്ലിന്റനും ജയം. എന്നാല്‍, കഴിഞ്ഞ ദിവസം യൂത്ത, ഐഡാഹോ എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് പാര്‍ട്ടി കോക്കസുകളില്‍ ബെര്‍ണി സാന്‍ഡേര്‍സ് ജയിച്ചുകയറിയപ്പോള്‍ യൂത്തയില്‍ റിപബ്ലിക്കന്‍ നിരയില്‍ ടെഡ് ക്രൂസ് വെന്നിക്കൊടി നാട്ടി.സ്ഥാനാര്‍ഥി പോരാട്ടത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരിയുമാണ് ഇപ്പോള്‍ മുന്‍നിരയിലുള്ളത്. അതേസമയം, ട്രംപിന്റെ വിവാദപ്രസ്താവനകള്‍ ഹിലരിയുടെ ജയത്തിലേക്കു വഴിവച്ചേക്കുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി ഭയക്കുന്നു.  ബെല്‍ജിയത്തില്‍ ഐഎസ് ആക്രമണമുണ്ടായതിനു പിന്നാലെയായിരുന്നു വോട്ടെടുപ്പ്. അരിസോണയില്‍ 47 ശതമാനം വോട്ടുകളാണ് ട്രംപ് നേടിയത്. രണ്ടാംസ്ഥാനത്തുള്ള ടെഡ് ക്രൂസ് 25 ശതമാനം വോട്ട് നേടി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി 58 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ സാന്‍ഡേര്‍സ് 40 ശതമാനം വോട്ടുകളാണു നേടിയത്. അരിസോണയിലെ ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കറുത്ത വര്‍ഗക്കാരാണ്. ഹിലരിക്കുള്ള കറുത്ത വര്‍ഗക്കാരുടെ ഉയര്‍ന്ന തോതിലുള്ള പിന്തുണയാണ് ഇവിടെ നേട്ടം കൊയ്യാന്‍ സഹായിച്ചത്. യുത്ത കോക്കസില്‍ 69 ശതമാനം വോട്ടുകളോടെയാണ് ക്രൂസ് വിജയം നേടിയത്. ജോണ്‍ കാസിച്ച് 17 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 14 ശതമാനം വോട്ടുകള്‍ നേടി ട്രംപ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഇവിടെ സാന്‍ഡേര്‍സിന്റെ വിജയവും അപ്രതീക്ഷിതമായിരുന്നു. 80 ശതമാനം വോട്ടുകളാണ് സാന്‍ഡേര്‍സ് നേടിയത്. ഐഡാഹോ കോക്കസിലും 78 ശതമാനം വോട്ടുകള്‍ നേടി ഹിലരിയെക്കാള്‍ വന്‍നേട്ടമാണ് സാന്‍ഡേര്‍സ് സ്വന്തമാക്കിയത്. ഹിലരിക്ക് 21 ശതമാനമേ നേടാനായുള്ളൂ.
Next Story

RELATED STORIES

Share it