wayanad local

അരിവാള്‍ രോഗികള്‍ക്ക്  2,000 രൂപ പെന്‍ഷന്‍

കല്‍പ്പറ്റ: സംസ്ഥാനത്തെ 1,250 അരിവാള്‍ രോഗികള്‍ക്ക് 2,000 രൂപ പ്രതിമാസ സാമ്പത്തിക സഹായമായി ലഭിക്കും. ഇതിനുള്ള തീരുമാനം കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം കൈക്കൊണ്ടതായി പട്ടികവര്‍ഗ ക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ഇവരില്‍ 593 പേര്‍ പട്ടികവര്‍ഗക്കാരും ബാക്കിയുള്ളവര്‍ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്.
കോശരോഗമായ സിക്കിള്‍സെല്‍ അനീമിയ ബാധിച്ചവര്‍ ആജീവനാന്തരം ചികില്‍സ തേടേണ്ടവരാണ്. പി കെ ജയലക്ഷ്മി മന്ത്രിയായതു മുതല്‍ ഇവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2012ല്‍ പട്ടികവര്‍ഗക്കാര്‍ക്ക് ആയിരം രൂപ വീതം പ്രതിമാസ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ജനറല്‍ വിഭാഗക്കാരെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ധനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും കത്ത് നല്‍കിയിരുന്നു. സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ മന്ത്രി ജയലക്ഷ്മി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി മുഖ്യമന്ത്രിയെക്കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും ആയിരം രൂപ പെന്‍ഷന്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച ഹെഡ് ഓഫ് അക്കൗണ്ട് നിലവിലില്ലാത്തതിനാല്‍ പ്രഖ്യാപനം ഫലംകണ്ടില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്നും മറ്റുള്ളവര്‍ക്ക് സാമൂഹിക സുരക്ഷാ മിഷനില്‍നിന്നും തുക നല്‍കാനും ഈ തുക നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് 2,000 രൂപയാക്കി വര്‍ധിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ജനുവരി മുതല്‍ തുക വര്‍ധിപ്പിച്ചുകൊണ്ട് പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷാ മിഷനില്‍നിന്ന് സാമ്പത്തിക സഹായം അനുവദിച്ചുകൊണ്ടുള്ള ജനറല്‍ വിഭാഗത്തിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഏറ്റവും കൂടുതല്‍ അരിവാള്‍ രോഗികള്‍ വയനാട്ടിലാണ്.
Next Story

RELATED STORIES

Share it