അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരേ പി ജയരാജന്റെ ഹരജി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ പി ജയരാജന്റെ അപ്പീല്‍ ഹരജി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജനും കേസിലെ പ്രതിയായ മൊറാഴ കപ്പാടന്‍ കെ പ്രകാശനുമാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹരജിയില്‍ ഫെബ്രുവരി എട്ടിന് സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് അപ്പീലില്‍ ചോദ്യംചെയ്തിരിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളെയും കക്ഷിചേര്‍ക്കാതെയുള്ള ഹരജിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കേസന്വേഷണം ശരിയായ രീതിയിലല്ലെന്നും വിലയിരുത്താന്‍ യാതൊരു വസ്തുതകളും സിംഗിള്‍ ബെഞ്ച് മുമ്പാകെ ഉണ്ടായിരുന്നില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷിക്കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായതോ അസാധാരണമോ ആയ കേസല്ല ഷുക്കൂറിന്റെ കൊലപാതകമെന്നും വിചാരണഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കേസാണ് സിബിഐ അന്വേഷണത്തിന് വിട്ടതെന്നും അപ്പീലില്‍ പറയുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് കൊല്ലപ്പെട്ടയാളുടെ മാതാവ് സിബിഐ അന്വേഷണത്തിന് ഹരജി സമര്‍പ്പിച്ചത്. സംസ്ഥാനം ഭരിക്കുന്ന കക്ഷിയിലെ പ്രബല പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങിയായിരുന്നു ഇത്.
കേസിലെ രണ്ട് പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം നിയമവിരുദ്ധമാണ്. ഹരജിയില്‍ ഉന്നയിക്കാത്ത വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അപ്പീലില്‍ പറ യുന്നു.
Next Story

RELATED STORIES

Share it